ചെന്നൈ: ന്യൂഡല്‍ഹിയിലെ റിപ്പബ്ലിക് ദിന പരേഡിനുള്ള തമിഴ്‌നാടിന്റെ ടാബ്‌ലോ വിദഗ്ധ സമിതി നിരസിച്ചതിന് തൊട്ടുപിന്നാലെ, ചെന്നൈയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഇത് പ്രദര്‍ശിപ്പിക്കുമെന്നും സംസ്ഥാനത്തെ പ്രധാന സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അറിയിച്ചു.
നേരത്തെ ചെന്നൈയില്‍ നടന്ന ‘സ്വാതന്ത്ര്യ സമരത്തില്‍ തമിഴ്‌നാട് ‘ എന്ന പേരില്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിക്കും.
സ്വാതന്ത്ര്യസമരത്തില്‍ തമിഴ്‌നാടിന്റെ സംഭാവന 1857ലെ കലാപത്തിന് മുമ്പുള്ളതാണെന്ന് എം കെ സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. അതിന്റെ പങ്ക് ‘മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ചെറുതല്ല’ എന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ ടാബ്‌ലോ ഒഴിവാക്കുന്നത് സംസ്ഥാനത്തെ ജനങ്ങളുടെ വികാരങ്ങളെയും ദേശസ്‌നേഹത്തെയും വ്രണപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്റ്റാലിന്‍ കത്തെഴുതി.
‘ബ്രിട്ടീഷുകാര്‍ക്കെതിരെ ധീരമായി പോരാടിയ നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളെ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച ടാബ്ലോക്ക് ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ അനുവാദമില്ല. ഈ സാഹചര്യത്തില്‍, തമിഴ്‌നാടിന്റെ ദേശസ്‌നേഹവും വികാരവും പ്രകടിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ടാബ്‌ലോ അവതരിപ്പിക്കും. ഇത് തമിഴ്‌നാട്ടിലെ പ്രധാന നഗരങ്ങളിലേക്ക് അയക്കും,’ സ്റ്റാലിന്‍ അറിയിച്ചു.