രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റാലിന്‍; രാഷ്ട്രപതിക്ക് കത്തയച്ചു

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ ഏഴു പ്രതികളെ വിട്ടയക്കണമെന്ന് അഭ്യര്‍ത്ഥിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഇക്കാര്യം ആവശ്യപ്പെട്ട് സ്റ്റാലിന്‍ രാഷ്ട്രപതിക്ക് കത്തെഴുതി. 2018ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശം അംഗീകരിച്ച് പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷയില്‍ ഇളവ് ചെയ്യണമെന്നും സ്റ്റാലിന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടു.

എസ് നളിനി, മുരുഗന്‍, ശാന്തന്‍, പേരറിവാളന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍ എന്നിവരെ ഉടന്‍ തന്നെ മോചിപ്പിക്കണമെന്നാണ് കത്തില്‍ അപേക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി പ്രതികള്‍ ജയിലില്‍ ദുരുതമനുഭവിച്ച് ജീവിക്കുകയാണ് ഏഴുപേരുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പറഞ്ഞറിയിക്കാനാകാത്തത്ര വേദനയും പ്രയാസങ്ങളും ഇവര്‍ അനുഭവിച്ചുകഴിഞ്ഞിട്ടുണ്ട്.

കേസില്‍ മാപ്പപേക്ഷിച്ചുള്ള ഇവരുടെ അപേക്ഷ പരിഗണിക്കുന്ന കാര്യത്തില്‍ കൂടുതല്‍ കാലതാമസം നേരിടുകയുമാണ്. പ്രതികളെ മോചിപ്പിക്കണമെന്നാണ് തമിഴ്‌നാട്ടിലെ ജനങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.

Top