രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിക്കെതിരെ ശക്തമായി പ്രതിഷേധിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിനെതിരെ രാഷ്ട്രീയ പകപോക്കലിനായി കേന്ദ്ര അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ഉപയോഗപ്പെടുത്തുകയാണെന്ന് സ്റ്റാലിന്‍ പറഞ്ഞു. ഇ ഡിയുടെ നീക്കങ്ങളെ താൻ ശക്തമായി എതിര്‍ക്കുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു.
സാധാരണക്കാർ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് മറുപടിയില്ലാത്തതിനാലാണ് കേന്ദ്രസര്‍ക്കാര്‍ ജനശ്രദ്ധ തിരിക്കാന്‍ ഈ വിധത്തില്‍ നോക്കുന്നതെന്നും സ്റ്റാലിന്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി. രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയമായി നേരിടണമെന്നും സ്റ്റാലിന്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇന്നലെ ഇ ഡി പത്ത് മണിക്കൂറോളമാണ് ചോദ്യം ചെയ്തത്. രാഹുലിനോട് ഇന്നും ഹാജരാകാനാണ് ഇഡിയുടെ നിര്‍ദേശം.രാഹുലിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് ഇന്നലെ അറസ്റ്റിലായത്.