തമിഴ് ഔദ്യോഗിക ഭാഷയാക്കണം; ആവശ്യവുമായി ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍

ചെന്നൈ: കേന്ദ്ര സര്‍ക്കാര്‍ – സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളില്‍ തമിഴ് ഔദ്യോഗിക ഭാഷയാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍. തമിഴ് നാട്ടിലെ വിദ്യാലയങ്ങളില്‍ ഹിന്ദി മൂന്നാം ഭാഷയാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ത്തുകൊണ്ടാണ് സ്റ്റാലിന്റെ ഈ പ്രസ്താവന.ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ മുന്‍ അദ്ധ്യക്ഷന്‍ മുഹമ്മദ് ഇസ്മായീലിന്റെ 124ാം ജന്മദിനാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തമിഴ്, കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലെ ഔദ്യോഗിക ഭാഷയാക്കി മാറ്റുമെന്ന് ഇന്ന് നാം പ്രതിജ്ഞ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദ്രാവിഡ നേതാവായ അണ്ണാദുരയുടെ ദ്വിഭാഷാ സമ്പ്രദായമാണ് തമിഴ് നാട്ടില്‍ നടപ്പാക്കേണ്ടതെന്ന് സ്റ്റാലിന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം തമിഴ്നാട്ടിലെ സ്‌കൂളുകളില്‍ നിര്‍ബന്ധമായും ഹിന്ദി പഠിപ്പിക്കണമെന്നുള്ള തീരുമാനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ പിന്നോട്ട് പോയിരുന്നു.തമിഴ്നാട്ടിലെ പാര്‍ട്ടികള്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ ഒന്നിച്ച് എതിര്‍ത്തതോടെയാണ് തീരുമാനം നടപ്പില്‍ വരുത്തണ്ട എന്ന് സര്‍ക്കാര്‍ പറഞ്ഞത്.

Top