ചെന്നൈ: തമിഴ്‌നാട് പ്രതിപക്ഷ നേതാവും ഡി.എം.കെ വര്‍ക്കിംഗ് പ്രസിഡന്റുമായ എം.കെ സ്റ്റാലിനെതിരെ കലാപശ്രമത്തിന് പൊലീസ് കേസെടുത്തു.
സ്റ്റാലിനെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശനിയാഴ്ച മറീന ബീച്ചില്‍ നടത്തിയ സത്യാഗ്രഹത്തിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്.
സ്റ്റാലിനൊപ്പം സമരത്തില്‍ പങ്കെടുത്ത ഡിഎംകെ എംഎല്‍എമാര്‍, എംപിമാര്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അതിനിടെ, ഫെബ്രുവരി 22ന് സംസ്ഥാന വ്യാപകമായി നിരാഹാര സമരം നടത്താന്‍ ഡിഎംകെ തീരുമാനിച്ചു. പാര്‍ട്ടി ഓഫിസുകള്‍ കേന്ദ്രീകരിച്ചാകും നിരാഹാര സമരം.
സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയത് ചട്ടങ്ങള്‍ പാലിച്ചല്ലെന്നും വിശ്വാസവോട്ടെടുപ്പ് വീണ്ടും നടത്തണമെന്നും സ്റ്റാലിന്‍ കഴിഞ്ഞ ദിവസം ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, നിയമസഭയിലുണ്ടായ സംഭവങ്ങള്‍ അറിയിക്കാന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഇന്നു ഗവര്‍ണറെ കാണും.
നിയമസഭയില്‍ പഴനിസ്വാമി വിശ്വാസ വോട്ട് തെടുന്നതിനിടെ പ്രതിഷേധിച്ച സ്റ്റാലിനുള്‍പ്പെടെയുള്ള ഡിഎംകെ അംഗങ്ങളെ സ്പീക്കര്‍ സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു.
പ്രതിഷേധത്തിനിടെ തന്നെ മര്‍ദ്ദിച്ചു എന്നാരോപിച്ചാണ് സ്റ്റാലിന്‍ ഡിഎംകെ എംഎല്‍എമാര്‍ക്കൊപ്പം മറീന ബീച്ചിലെ ഗാന്ധി പ്രതിമയ്ക്കുമുന്നില്‍ സത്യാഗ്രഹമിരുന്നത്. എന്നാല്‍ അരമണിക്കൂറിനകം സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന വിശ്വാസ വോട്ടെടുപ്പില്‍ പഴനിസാമി സഭയില്‍ ഭൂരിപക്ഷം തെളിയിച്ചിരുന്നു. എന്നാല്‍, പ്രതിപക്ഷമില്ലാതെ നടത്തിയ വിശ്വാസവോട്ടിനെ അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു ഇവര്‍. വിശ്വാസ വോട്ടെടുപ്പിനിടെ തമിഴ്‌നായ് നിയമസഭയില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
സ്പീക്കറുടെ മേശയും പ്രതിഷേധക്കാര്‍ തകര്‍ത്തു. സഭ തുടര്‍ച്ചയായി അലങ്കോലപ്പെട്ടതോടെയാണ് സ്പീക്കര്‍ പ്രതിപക്ഷാംഗങ്ങളെ പുറത്താക്കിയത്.
പുറത്തുപോകാന്‍ വിസമ്മതിച്ച സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷാംഗങ്ങളെ ബലം പ്രയോഗിച്ചാണ് സഭയ്ക്ക് പുറത്തെത്തിച്ചത്.
കീറിപ്പറിഞ്ഞ വസ്ത്രങ്ങളുമായി സഭയ്ക്ക് പുറത്തെത്തിയ സ്റ്റാലിന്‍ താന്‍ കൈയേറ്റം ചെയ്യപ്പെട്ടെന്ന് അറിയിക്കുകയായിരുന്നു. ഇതേ വസ്ത്രങ്ങളുമായി ഗവര്‍ണറെ കണ്ട് വിവരം ധരിപ്പിച്ച ശേഷമാണ് സ്റ്റാലിന്‍ മറീനയില്‍ നിരാഹരം ആരംഭിച്ചത്.