ആപ്പിളിന്റെ ട്രാക്കിങ് ഉപകരണമായ എയർടാഗ് ഉപയോഗിച്ച് മുൻ ഭാര്യയെ പിന്തുടർന്ന് ശല്യപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. അമേരിക്കയിലെ ടെന്നസിയിലായിരുന്നു സംഭവം. കാർലോസ് അറ്റ്കിൻസ് എന്നയാളാണ് ഭാര്യയെ നിരീക്ഷിക്കാൻ അവരുടെ കാറിൽ ആപ്പിൾ എയർടാഗ് സ്ഥാപിച്ചത്.
ഒരു മാസം മുമ്പായിരുന്നു യുവതി കാർലോസുമായി വേർപിരിഞ്ഞത്. തുടർന്നാണ് അയാൾ പിന്തുടരാൻ ആരംഭിച്ചത്. മുൻ ഭർത്താവിന്റെ ശല്യം കാരണം ബന്ധുവീടുകളിലേക്ക് അവർക്ക് മാറി താമസിക്കേണ്ടി വന്നതായും പൊലീസ് പറയുന്നു. തിങ്കളാഴ്ച മിസിസിപ്പി റെസ്റ്റോറന്റിൽ നിന്ന് മെംഫിസിലെ സഹോദരിയുടെ വീട്ടിലേക്ക് കാർലോസ് തന്നെ പിന്തുടർന്നതായി അവർ പൊലീസിനോട് പറഞ്ഞു.
തന്റെ കാറിൽ നിന്ന് യുവതിക്ക് ഒരു എയർടാഗ് കണ്ടെടുക്കുകയും കാർലോസിനെ വിളിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു. താനാണ് എയർടാഗ് കാറിൽ സ്ഥാപിച്ചതെന്ന് അയാൾ സമ്മതിച്ചതായും പൊലീസ് പറഞ്ഞു.
അതേസമയം, സംഭവത്തിൽ പ്രതികരണവുമായി ആപ്പിൾ രംഗത്തെത്തിയിട്ടുണ്ട്. ‘സുരക്ഷയും സ്വകാര്യതയും ലക്ഷ്യമിട്ട് മികച്ച അനുഭവം പ്രദാനം ചെയ്യുന്നതിനാണ് തങ്ങൾ ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യുന്നത്. ആളുകളെ ട്രാക്ക് ചെയ്യാനല്ല. വളരെക്കാലമായി തുടരുന്ന ട്രാക്കിങ് പല പ്രശ്നങ്ങളും സൃഷ്ടിക്കുന്നതിൻറെ ഭാഗമായി എയർടാഗിന്റെ രൂപകൽപ്പനയിലെ ഈ ആശങ്ക ഗൗരവമായി എടുത്തിട്ടുണ്ടെന്ന്’ ആപ്പിളിൻറെ വക്താവ് അറിയിച്ചു.