സേലം: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ സേലത്ത് ബുധനാഴ്ച രണ്ട് പേര്‍ കുഴഞ്ഞുവീണ് മരിച്ചു. പച്ചൈയണ്ണന്‍, പെരിയസ്വാമി എന്നിവരാണ് റാലിക്കിടെ സൂര്യാഘാതമേറ്റ് മരിച്ചത്. ചെന്നൈയില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ വിരുദാചലത്ത് കഴിഞ്ഞയാഴ്ച സംഘടിപ്പിച്ച റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചിരുന്നു. എന്തായാലും ഇത്തരം റാലികളും മരണങ്ങളും വിരല്‍ ചൂണ്ടുന്നത് ജയലളിതയുടെ അശാസ്ത്രീയമായ തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്കാണ്.
40 ഡിഗ്രി ചൂടിലും ഉച്ചതിരിഞ്ഞ സമയമാണ് പ്രചരണ റാലികള്‍ നടത്തുന്നതിനായി ജയലളിത തെരഞ്ഞെടുത്തിരിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളില്‍ നടക്കുന്ന ഓരോ റാലികളിലും ചുരുങ്ങിയത് 16 സ്ഥാനാര്‍ഥികള്‍ പങ്കെടുക്കുകയും ഇവരോരുത്തരും 20,000 അണികളെയെങ്കിലും കൊണ്ടുവരണമെന്നുമാണ് നിബന്ധന. ഈ കണക്കുപ്രകാരം ഓരോ റാലിയിലും മൂന്ന് ലക്ഷം പേരെങ്കിലും പങ്കെടുക്കാറുണ്ട്.
സേലത്ത് നടന്ന റാലിയില്‍ ഒറ്റയടിക്ക് 51 സ്ഥാനാര്‍ഥികളെയാണ് ഉള്‍പ്പെടുത്തിയത്. അതോടെ അണികളുടെ എണ്ണവും വര്‍ധിച്ചു. നിശ്ചയിച്ച സമ്മേളന സ്ഥലത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ നഗരം ഗതാഗതക്കുരുക്കിലായി. റാലിക്കായി ട്രക്കിലും മറ്റ് വാഹനങ്ങളിലും എത്തിയ പ്രവര്‍ത്തകര്‍ കൊടുംചൂടില്‍ റോഡില്‍തന്നെ കഴിയാന്‍ നിര്‍ബന്ധിതരായി.
സ്റ്റേജില്‍ എ.ഐ.ഡി.എം.കെ. നേതാക്കള്‍ പോര്‍ട്ടബ്ള്‍ എയര്‍കണ്ടീഷണറില്‍ ഇരിക്കുമ്പോള്‍ എരിപൊരി വെയിലത്ത് അമ്മയേയും കാത്ത് പതിനായിരങ്ങള്‍ പൊരിവെയിലത്തിരുന്നു. ചെറിയ പ്‌ളാസ്റ്റിക് പൊതികളില്‍ കൊടുത്ത കുടിവെള്ളം ഇവരുടെ കടുത്ത ദാഹമകറ്റാന്‍ മതിയാകുമായിരുന്നില്ല. മൂന്ന് മണിക്ക് നടത്താന്‍ നിശ്ചയിച്ച സമ്മേളന പന്തലിലേക്ക് നാല് മണിയോടെയായിരിക്കും അമ്മ എത്തിച്ചേരുക. ഉച്ചമുതല്‍ മൂന്നും നാലും മണിക്കൂര്‍ കാത്തുനിന്ന ജനക്കൂട്ടം ഇതിനകം തന്നെ അവശരായിരിക്കും.
സൂര്യനസ്തമിച്ചതിന് ശേഷം ജയലളിതയുടെ ഹെലികോപ്റ്റര്‍ പ്രവര്‍ത്തിക്കുകയില്ല എന്നാണ് ഡി.എം.കെ. നേതാവ് സ്റ്റാലിന്‍ ഇതേക്കുറിച്ച് പരിഹസിച്ചത്. ജയലളിതയുടെ അനാരോഗ്യമാണ് ഇത്തരത്തിലുള്ള പ്രചരണത്തിന് ഇവരെ പ്രേരിപ്പിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. എല്ലായിടത്തും സ്റ്റേജില്‍ ഇരുന്നുകൊണ്ടാണ് ജയലളിത ജനങ്ങളെ അഭിസംബോധന ചെയ്യുന്നതും. എന്നാല്‍ ഇക്കാരണങ്ങളൊന്നും 40 ഡിഗ്രി ചൂടില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനുള്ള ന്യായീകരണമാകുന്നില്ല.