ന്യൂഡൽഹി: ടെലികോം സ്പെക്ട്രം അനുവദിക്കുന്നതിന് കേന്ദ്രം ഉയർന്ന തുക ഏർപ്പെടുത്തിയാൽ ഉപഗ്രഹ ഇന്റർനെറ്റ് ചാർജ് വലിയ തോതിൽ വർധിപ്പിക്കാൻ നിർബന്ധിതമാകുമെന്ന് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ‘സ്റ്റാർലിങ്ക്’ കമ്പനി ടെലികോം റഗുലേറ്ററി അതോറിറ്റിയെ അറിയിച്ചു. നിലവിലുള്ള ഭൂതല ഇന്റർനെറ്റ് സംവിധാനങ്ങളെ അപേക്ഷിച്ച് ഉപഗ്രഹ ഇന്റർനെറ്റിന് 8 മുതൽ 9 മടങ്ങ് വരെ ചാർജ് കൂടാമെന്നാണു മുൻപ് സ്റ്റാർലിങ്ക് ഇന്ത്യ മേധാവി സഞ്ജയ് ഭാർഗവ പറഞ്ഞത്.
ഉപഗ്രഹ ഇന്റർനെറ്റ് പദ്ധതികൾക്ക് ഇന്ത്യയിൽ അനുമതി നൽകുന്നതിന്റെ ആദ്യ പടിയായി എർത്ത് സ്റ്റേഷനുകളുടെ ലൈസൻസ് നൽകുന്നത് സംബന്ധിച്ചു ട്രായിക്കു നൽകിയ മറുപടിയിലാണു സ്റ്റാർലിങ്ക് നിലപാടു വ്യക്തമാക്കിയത്. സ്പെക്ട്രം ദീർഘകാലത്തേക്ക് ഉപയോഗിക്കുന്നതു സംബന്ധിച്ച് ഉറപ്പു ലഭിക്കാതെ വന്നാൽ മേഖലയിലെ നിക്ഷേപം കുറയുമെന്നും സ്റ്റാർലിങ്ക് അറിയിച്ചു.
അതേസമയം, ഉപഗ്രഹ ഇന്റർനെറ്റിനുള്ള സ്പെക്ട്രം, ലേലത്തിലൂടെ തന്നെ മാത്രമേ നൽകാവൂ എന്നാണ് റിലയൻസ് ജിയോ ട്രായിയോട് ശുപാർശ ചെയ്തിരിക്കുന്നത്. എന്നാൽ എതിരാളിയായ എയർടെൽ ലേലം വേണ്ടെന്ന വാദത്തിലാണ്.