ഒടുവില്‍ അവരും സമ്മതിച്ചു . . ചെമ്പടയുടെ ഈ മുന്നേറ്റം ഐതിഹാസികം തന്നെയെന്ന് !

Kisan Sabha (AIKS) march

ന്യൂഡല്‍ഹി: മഹാരാഷ്ട്രയെ ചുവപ്പിച്ച് ആര്‍ത്തിരമ്പിയ ചെങ്കടലിന് അഭിവാദ്യം അര്‍പ്പിച്ച് പ്രമുഖര്‍ രംഗത്ത്.

ഇത് മഹാരാഷ്ട്രയിലെ കര്‍ഷകരുടെ മാത്രം പ്രശ്‌നമല്ലന്നും ഇന്ത്യയിലെ മുഴുവന്‍ കര്‍ഷകരുടെയും പ്രശ്‌നമാണെന്നും പ്രതികരിച്ച രാഹുല്‍ ഗാന്ധി സമരക്കാരെ അഭിവാദ്യം ചെയ്തു.

പ്രമുഖ തമിഴ് സൂപ്പര്‍ താരങ്ങളായ പ്രകാശ് രാജും, മാധവനും കര്‍ഷക സമരത്തെ ഐതിഹാസിക സമരമായാണ് വിശേഷിപ്പിച്ചത്.

‘പൊള്ളയായ വാഗ്ദാനങ്ങളെ വിശ്വസിച്ചാണ് അവര്‍ നിങ്ങളെ അധികാരത്തിലേറ്റിയത്. ഇപ്പോള്‍ അവര്‍ വരുന്നത് നിങ്ങള്‍ നല്‍കാമെന്ന് പറഞ്ഞു വഞ്ചിച്ച വാക്കുകളിലെ സത്യം തേടിയാണ്’. പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

ഇനിയും നിങ്ങള്‍ അവര്‍ക്ക് നീതിയും തുല്യതയും നിഷേധിച്ചാല്‍ അവര്‍ നിങ്ങളെ പുറത്തെറിയാന്‍ മടിക്കില്ലെന്നും പ്രകാശ് രാജ് പറയുന്നു. ഇപ്പോള്‍ അവര്‍ നിങ്ങളുടെ പടിക്കലേയ്ക്ക് വരുന്നത് നീതി തേടിയാണ്. നീതി നിഷേധം തുടര്‍ന്നാല്‍ അത് നിങ്ങളെ തന്നെയാകും ബാധിക്കുകയെന്നും പ്രകാശ് രാജ് വ്യക്തമാക്കി.

kisan march

‘ഹൃദയം കൊണ്ട് കര്‍ഷക മുന്നേറ്റത്തെ പിന്തുണക്കുന്നു. നമുക്കൊന്നിച്ച് മാറ്റത്തിന് വേണ്ടി പ്രവര്‍ത്തിക്കാം.’മാധവന്‍ പ്രതികരിച്ചു.

നേരത്തെ സമരത്തിന് പിന്തുണയുമായി ശിവസേനയും വിവിധ ദളിത് സംഘടനകളും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

കര്‍ഷക സമരം ബിജെപി സര്‍ക്കാരിനെ തകര്‍ക്കുമെന്നാണ് ശിവസേന പ്രതികരിച്ചത്. മാര്‍ച്ചിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ മഹാരാഷ്ട്ര നിയമസഭ ബഹിഷ്‌ക്കരിക്കുമെന്നും ശിവസേന പ്രഖ്യാപിച്ചു. മാര്‍ച്ചിനെത്തുടര്‍ന്ന് സംസ്ഥാന ഭരണംതന്നെ ഉലയുന്ന സാഹചര്യമാണ് നിലവില്‍. ശിവസേനയുടെ നിലപാട് സൂചിപ്പിക്കുന്നതും അതാണ്.

അതേസമയം കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതോടെ സമരം പിന്‍വലിക്കാന്‍ സമരസമിതി നേതാക്കള്‍ തീരുമാനിച്ചു. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്നും മറ്റ് ആവശ്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേകസമിതിയെ നിയോഗിക്കുമെന്നും കര്‍ഷക നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് രാജ്യത്തെ പിടിച്ചുലച്ച സമരത്തിന് പര്യവസാനമായത്.

Top