രണ്ടാഴ്ച്ചത്തെ ട്രയല്‍ കഴിഞ്ഞു; അടുത്തഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള വിക്ടേഴ്‌സ് ചാനലിലെ പഠന സമ്പ്രദായത്തില്‍ തിങ്കളാഴ്ച മുതല്‍ അടുത്തഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും.ക്ലാസുകള്‍ മുന്‍നിശ്ചയിച്ച സമയക്രമത്തില്‍ തന്നെയായിരിക്കും നടക്കുകയെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഓണ്‍ലൈന്‍ ക്ലാസുകളുടെ രണ്ടാഴ്ച്ചത്തെ ട്രയല്‍ ക്ലാസുകള്‍ ഇന്ന് പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്.

ട്രയല്‍ റണ്ണില്‍ ഉണ്ടായ പ്രശ്നങ്ങള്‍ പരിഹരിച്ച് ആവശ്യമായ മാറ്റങ്ങളോടെ ടെയാണ് ക്ലാസുകള്‍ ആരംഭിക്കുക. ട്രയല്‍ റണ്ണിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ടുള്ള സമയക്രമമാണ് അടുത്തയാഴ്ചത്തേക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇതനുസരിച്ച് സംസ്‌കൃതം, ഉര്‍ദ്ദു, അറബിക് ഉള്‍പ്പെടെ കൂടുതല്‍ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ അധ്യാപകര്‍ ക്ലാസുകളെടുക്കും.

ഇംഗ്ലീഷ് മീഡിയത്തിലുള്ള കുട്ടികള്‍ക്ക് മലയാളത്തിലുള്ള ക്ലാസുകള്‍ ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല എന്ന പരാതി ഉയര്‍ന്നിരുന്നു. ഇത് പരിഹരിക്കുന്നതിനായി ഇംഗ്ലീഷ് ക്ലാസുകള്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശമുണ്ട്. ഇംഗ്ലീഷ് വാക്കുകള്‍ എഴുതിക്കാണിക്കുന്ന രീതിയിലും ക്ലാസുകള്‍ ക്രമീകരിക്കും.

പാലക്കാട്, ഇടുക്കി, കാസര്‍കോട് ജില്ലകളിലുള്ള കന്നഡ, തമിഴ് മീഡിയത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ക്കായി പ്രത്യേകം യൂടൂബ് ലിങ്ക് നിശ്ചയിച്ചിട്ടുണ്ട്. പ്രാദേശിക ചാനലില്‍ ഇത് സംപ്രേക്ഷണം ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

Top