മാണ്ട്ല: ബാലപീഡകര്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് കുറ്റകൃത്യങ്ങള്‍ തടയുന്നതിലുള്ള സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യാമാണ് വ്യക്തമാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങള്‍ പെണ്‍കുട്ടികളെ ബഹുമാനിക്കുകയും ആണ്‍കുട്ടികളെ കൂടുതല്‍ ഉത്തരവാദിത്വ ബോധത്തോടെ വളര്‍ത്തുകയും ചെയ്യണമെന്ന് ആദ്ദേഹം ആവശ്യപ്പെട്ടു.
പെണ്‍കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്ന സാഹചര്യം രാജ്യത്ത് സൃഷ്ടിക്കാന്‍ എല്ലാവരും ഒന്നിക്കണമെന്നും ഇതിനുവേണ്ടി സാമൂഹിക മുന്നേറ്റം തന്നെ ഉണ്ടാകണമെന്നും കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ കുറ്റവാളികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന അഭിപ്രായം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് മുന്നോട്ടുവച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തെ എല്ലാവരും സ്വാഗതം ചെയ്യുകയായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജനങ്ങളുടെ അഭിപ്രായം മാനിച്ച് തീരുമാനമെടുക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളതെന്നും അതുകൊണ്ടാണ് വധശിക്ഷ ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ മാണ്ട്ല ജില്ലയിലെ റാംനഗറില്‍ ദേശീയ പഞ്ചായത്തിരാജ് സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
12 വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥചെയ്യുന്ന ഓര്‍ഡിനന്‍സിന് കഴിഞ്ഞ ഏപ്രില്‍ 12 നാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. കത്തുവയിലും ഉന്നോവയിലും, സൂറത്തിലും നടന്ന സംഭവങ്ങള്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നടപടി.