ബംഗളൂരു: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ സ്റ്റാര്‍ട്ട്അപ്പ് കമ്പനികള്‍ വന്‍തോതിലുള്ള പിരിച്ചുവിടലിന് തയ്യാറെടുക്കുന്നു.
രാജ്യത്തെ പ്രമുഖ സ്റ്റാര്‍ട്ട്അപ്പുകളായ സ്‌നാപ്ഡീല്‍, സൊമാന്റോ, ഗ്രോഫേഴ്‌സ് ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ നൂറുകണക്കിനാളുകളെയാണ് കഴിഞ്ഞ എട്ടുമാസത്തിനുള്ളില്‍ പിരിച്ചുവിട്ടത്. ചെലവു ചുരുക്കണമെന്നും പ്രവര്‍ത്തന രീതി മാറ്റണമെന്നുമുള്ള നിക്ഷേപകരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കമ്പനികളുടെ ഈ നീക്കം.
ഈ മേഖലയില്‍ വന്‍ കൈമാറ്റങ്ങളും ലയനസാധ്യതകളും ഈ വര്‍ഷം വ്യാവസായിക ലോകം പ്രതീക്ഷിക്കുന്നുണ്ട്. വന്‍തോതില്‍ പിരിച്ചുവിടല്‍ നടത്തി സാമ്പത്തിക ഭദ്രത നിലനിര്‍ത്തുകയും കമ്പനികള്‍ക്ക് ഗുണകരമാകുംവിധം അതിവിദഗ്ധരായ ആളുകളെ നിയമിക്കുകയുമാണ് നിക്ഷേപകരുടെ ഉദ്ദേശ്യം.
201415 വര്‍ഷങ്ങളില്‍ വന്‍തോതില്‍ നിയമനങ്ങള്‍ നടന്ന രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ഇന്നത്തെ സാഹചര്യം ഒട്ടും ഒഴിച്ചുകൂടാനാകാത്തതാണെന്ന് എക്‌സിക്യൂട്ടീവ് സെര്‍ച്ച് സ്ഥാപനം ഹണ്ട് പാര്‍ട്ടേന്‌ഴ്‌സിന്റെ മാനേജിങ് പാര്‍ട്ടനര്‍ സുനിത് മെഹ്‌റ പറയുന്നു.
നിലവില്‍ സ്റ്റാര്‍ട്ട് അപ്പുകളുടെ ആകെ ചിലവിന്റെ 35 ശതമാനമാണ് തൊഴിലാളികള്‍ക്കായി മാറ്റിവെക്കേണ്ടിവരുന്നത്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടി കോടികള്‍ മുടക്കിയ നിക്ഷേപകര്‍ മെച്ചപ്പെട്ടലാഭം ലക്ഷ്യമിട്ടാണ് തങ്ങളുടെ തൊഴിലാളികളെ കയ്യൊഴിയാന്‍ തീരുമാനിച്ചത്. ഈ വര്‍ഷം മറ്റെന്തിനെക്കാളും ലാഭത്തിന് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനരീതി ആവിഷ്‌കരിക്കാനുള്ള നീക്കത്തിലാണ് രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍.
ജീവനക്കാരെ പിരിച്ചുവിടാനുള്ള യാതൊരു നീക്കവും തങ്ങള്‍ക്കില്ലെന്നാണ് സ്‌നാപ്ഡീല്‍ പറയുന്നതെങ്കിലും കമ്പനിയില്‍ നടപ്പാക്കിയ പെര്‍ഫോമന്‍സ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ ഭാഗമായി നിരവധി ജീവനക്കാരാണ് ജോലി ഉപേക്ഷിച്ചത്. സ്‌നാപ്ഡീലിനെ കൂടാതെ, ഗ്ലോബല്‍ മാനേജ്‌മെന്റ് ആന്റ് ലൈറ്റ്‌സ്പീഡ് വെഞ്ച്വര്‍ 60 പേരെയും, റിയല്‍ എസ്റ്റേറ്റ് സംരംഭമായ കോമണ്‍ ഫ്‌ലോര്‍ 100 ജീവനക്കാരേയും, ഫുഡ്പാന്‍ഡ ഇന്ത്യ 300 പേരയുമാണ് ഇതുവരെ പിരിച്ചുവിട്ടത്.