ന്യൂഡല്‍ഹി: രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ വിപണിയിലെ മത്സരങ്ങളുടെ നിയമങ്ങള്‍ മാറ്റിയെഴുതുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റാര്‍ട്ടപ്പുകളുടെ സുവര്‍ണകാലഘട്ടമാണിതെന്ന് പറഞ്ഞ മോദി, പുതിയ ഇന്ത്യയുടെ നട്ടെല്ലായി സ്റ്റാര്‍ട്ടപ്പുകള്‍ മാറുമെന്ന് വിശ്വസിക്കുന്നതായും പറഞ്ഞു.
രാജ്യത്തിന്റെ നാനാദിക്കിലും സ്റ്റാര്‍ട്ടപ്പ് സംസ്‌കാരം ബോധവത്കരിക്കാന്‍ ജനുവരി 16 ദേശീയ സ്റ്റാര്‍ട്ടപ്പ് ദിനമായി ആഘോഷിക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. സംരംഭകങ്ങളെയും പുത്തന്‍ ആശയങ്ങളും ചുവപ്പു നാടയുടെ കുരുക്കിയ നിന്ന് മോചിപ്പിക്കുകയും പുതിയ ആശയങ്ങളെ പ്രോത്സാഹിപ്പിക്കും വിധം വ്യവസ്ഥാപിത സംവിധാനം ഒരുക്കലും യുവാക്കള്‍ക്കും അവരുടെ സംരംഭങ്ങള്‍ക്കും കൈത്താങ്ങാകാനുമാണ് തന്റെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഉയര്‍ന്നുവന്നത് 42 യൂണികോണുകളാണെന്ന കാര്യം അദ്ദേഹം പ്രസംഗത്തിനിടെ ഓര്‍മ്മിപ്പിച്ചു. ആയിരക്കണക്കിനു കോടിരൂപ മൂല്യമുള്ള ഇത്തരം കമ്പനികളാണ് സ്വയം പര്യാപ്തമായ, ആത്മവിശ്വാസമുള്ള ഇന്ത്യയുടെ മുഖമുദ്രയെന്ന പ്രശംസയും പ്രധാനമന്ത്രി നടത്തി. ഇന്ന് ഇന്ത്യ യൂണികോണുകളുടെ ശതകത്തിലേയ്ക്കു കുതിക്കുകയാണ്. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളുടെ സുവര്‍ണ്ണ കാലഘട്ടത്തിനാണ് ഇപ്പോള്‍ തുടക്കംകുറിക്കുന്നതെന്നു ഞാന്‍ വിശ്വസിക്കുന്നു. യുവാക്കള്‍ സ്വപ്നങ്ങളെ പ്രാദേശികമായി ഒതുക്കാതെ ആഗോള തലത്തിലെത്തിക്കണമെന്നും അക്കാര്യം എപ്പോഴും ഓര്‍മ്മയില്‍ വെക്കണമെന്നും അദ്ദേഹം പറഞ്ഞു.