പട്ടിണിക്കെതിരായ യുദ്ധത്തില്‍ രാജ്യം പൂര്‍ണ വിജയം നേടിയെന്ന് ചൈനീസ് പ്രസിഡന്റ്

ബീജിങ്:ചൈനയില്‍ പട്ടിണി നിര്‍മ്മാജനം ചെയ്തുവെന്ന് പ്രസിഡന്റ് ഷി ജിന്‍പിങ്. നാല് പതിറ്റാണ്ടായുള്ള പ്രയത്‌നമാണ് വിജയം കണ്ടത്. 2030ഓടെ സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനം എന്ന യുഎന്‍ ലക്ഷ്യം ചൈന പത്തുവര്‍ഷം മുമ്പേ നേടിയെടുത്തെന്നും ഷി ജിന്‍പിങ് അവകാശപ്പെട്ടു.

140 കോടിയിലധികം ജനസംഖ്യയുള്ള രാജ്യത്ത് 9.9 കോടി ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്ന് എട്ടുവര്‍ഷം മുമ്പ് നടത്തിയ സര്‍വേയില്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. ദരിദ്രാവസ്ഥയിലാണെന്ന് കണ്ടെത്തിയ 832 കൗണ്ടികളിലെ 1,28,000 ഗ്രാമങ്ങളുടെയും സ്ഥിതി മെച്ചപ്പെടുത്തി. സമ്പൂര്‍ണ പട്ടിണി നിര്‍മാര്‍ജനം പ്രധാന ലക്ഷ്യമായി ഷി പ്രഖ്യാപിച്ചിരുന്നു.

2012ന് ശേഷം സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള 79 ലക്ഷം കുടുംബങ്ങളുടെ വീടുകള്‍ നവീകരിച്ചു. 28 ന്യൂനപക്ഷ വിഭാഗങ്ങളെയും പൂര്‍ണമായും പട്ടിണി മുക്തമാക്കി. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കി 2021 അവസാനത്തോടെ സാമ്പത്തികമായി മെച്ചപ്പെട്ട സമൂഹത്തെ സൃഷ്ടിക്കുമെന്നും ഷി വ്യക്തമാക്കി.

 

Top