തിരുവനന്തപുരം : സംസ്ഥാനചലച്ചിത്ര പുരസ്കാര ദാന ചടങ്ങില്‍ താരമായി ഇന്ദ്രന്‍സ്. ഇന്ദ്രന്‍സിന്റെ പേര് പരാമര്‍ശിച്ചപ്പോഴെല്ലാം സദസ്സില്‍ നിറഞ്ഞകൈയടിയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്നും ഇന്ദ്രന്‍സ് മികച്ച നടനുള്ള പുരസ്കാരം ഏറ്റുവാങ്ങി.
‘കണ്ണില്‍ പോലും കാണാത്ത എന്നെ മികച്ച നടനാക്കിയ നിങ്ങളെ’ സമ്മതിക്കണം എന്ന് ഇന്ദ്രന്‍സിന്റെ ഡയലോഗ് നിറഞ്ഞചിരിയോടെയാണ് സദസ് സ്വീകരിച്ചത്. ആളൊരുക്കം ചിത്രത്തിലെ പപ്പുപിഷാരടിയെ അനശ്വരമാക്കിയാണ് ഇന്ദ്രന്‍സ് മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത്.
വിമര്‍ശകരുടെ വായടപ്പിച്ച് പുരസ്കാര സമര്‍പ്പണച്ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലും എത്തിയിരുന്നു. കാലത്തിന്റെ തിരശീല വീഴും വരെ ഇവിടെയൊക്കെ തന്നെ ഉണ്ടാകുമെന്ന് മോഹന്‍ലാല്‍ ചടങ്ങില്‍ പറഞ്ഞു.
സഹപ്രവര്‍ത്തകര്‍ക്ക് ഇടയിലേക്ക് വരാന്‍ തനിക്ക് ആരുടെയും അനുവാദം വേണ്ടെന്നും, സഹപ്രവര്‍ത്തകര്‍ ആദരിക്കപ്പെടുന്നതു കാണുന്നത് അവകാശവും കടമയുമാണെന്നും, മുഖ്യാതിഥിയായിട്ടല്ല, സഹപ്രവര്‍ത്തകരുടെ ഒത്തുചേരലിലേക്കാണ് താന്‍ വന്നിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങിലേക്ക് ക്ഷണിച്ചത് ഇന്ത്യയിലെ അഭിനയപ്രതിഭകളുടെ ആദ്യനിരയില്‍ സ്ഥാനമുള്ള പ്രഗത്ഭനായ കലാകാരന് എന്നനിലയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാന അവാര്‍ഡ് നേടിയ കലാകാരന്മാരെയും സദസിനെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അംഗീകാരം നേടിയ 43 പേര്‍ക്ക് മുഖ്യമന്ത്രി പുരസ്കാരം സമ്മാനിച്ചു. മന്ത്രിമാരായ എ.കെ.ബാലന്, ഇ.ചന്ദ്രശേഖരന്, കടകംപള്ളി സുരേന്ദ്രന് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.