രാജ്യത്താദ്യമായി ട്രാന്‍സിറ്റ് കാര്‍ഡ് അവതരിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

ദില്ലി: ഇന്ത്യയുടെ ആദ്യ ട്രാന്‍സിറ്റ് കാര്‍ഡ് അവതരിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 2023 ഫിന്‍ടെക്ക് ഫെസ്റ്റിലാണ് എസ്ബിഐ കാര്‍ഡ് അവതരിപ്പിച്ചത്. വണ്‍ നേഷന്‍ വണ്‍ കാര്‍ഡ് എന്ന ദേശീയ വീക്ഷണത്തിന്റെ ഭാഗമായാണ് നടപടി. രാജ്യത്തെ വിവിധ എസ്ബിഐ ബ്രാഞ്ച് വഴി ട്രാന്‍സിറ്റ് കാര്‍ഡ് സ്വന്തമാക്കാം.

‘പണമിടപാടുകളും, ദൈനംദിന ജീവിതവും എളുപ്പത്തിലാക്കാന്‍ അഹോരാത്രം പ്രവര്‍ത്തിക്കുകയെന്നതാണ് എസ്ബിഐയുടെ ലക്ഷ്യം. ഉപഭോക്താക്കളുടെ യാത്രകള്‍ മാറ്റിമറിക്കുന്ന വിപ്ലവകരമായ മാറ്റമാണ് എസ്ബിഐ ട്രാന്‍സിറ്റ് കാര്‍ഡുകള്‍ കൊണ്ടുവരുന്നത്’- എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് കുമാര്‍ ഖാര അറിയിച്ചു. തങ്ങളുടെ ഉപഭോക്താക്കളുടെ ജീവിതം മാത്രമല്ല, രാജ്യത്തിന്റെ പുരോഗതിക്കും ഇത് വഴിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

റുപ്പേ നാഷ്ണല്‍ കോമണ്‍ മൊബിളിറ്റി പ്രീപെയ്ഡ് കാര്‍ഡാണ് ഇത്. ഈ കാര്‍ഡ് കൈയിലുള്ളവര്‍ക്ക് രാജ്യത്തെവിടേയും മെട്രോ, ബസ്, ജലഗതാഗതം, പാര്‍ക്കിംഗ് എന്നിവയ്ക്കായി വരി നിന്ന് ടിക്കറ്റെടുത്ത് സമയം കളയേണ്ട. നേരെ സ്‌കാനറിലൂടെ ടിക്കറ്റിന് പകരം സ്‌കാന്‍ ചെയ്ത് ഉപയോഗിക്കാം. ചില ഓണ്‍ലൈന്‍ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും എസ്ബിഐയുടെ ട്രാന്‍സിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്താം.

പല സംസ്ഥാനങ്ങളിലും മെട്രോ ഉപയോക്താക്കള്‍ക്കായി ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാന്‍ കാര്‍ഡുകളുണ്ട്. ചിലയിടങ്ങളില്‍ ബസിലും യാത്ര ചെയ്യാന്‍ കാര്‍ഡുകളുണ്ട്. എന്നാല്‍ മെട്രോ കാര്‍ഡുകള്‍ പലപ്പോഴും വേറെ ഒരിടത്തും എടുക്കില്ല. എസ്ബിഐ ട്രാന്‍സിറ്റ് കാര്‍ഡ് വരുന്നതോടെ റെയില്‍, റോഡ്, ജലഗതാഗതം, മെട്രോ എന്നിവയ്ക്കും എസ്ബിഐ കാര്‍ഡ് ഉപയോഗിക്കാം. ഓരോന്നിനും പ്രത്യേകം കാര്‍ഡ് വാങ്ങി പണം നഷ്ടമാകില്ല.

Top