ദില്ലി: ബാങ്ക് ലോക്കര്‍ സേവനം ഉപയോഗിക്കുന്നവര്‍ക്കായി പുതിയ നിര്‍ദ്ദേശങ്ങളുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശമനുസരിച്ച് എല്ലാ ലോക്കര്‍ ഉടമകളും,അവരവരുടെ ബ്രാഞ്ച് സന്ദര്‍ശിച്ച് പുതിയ ലോക്കര്‍ എഗ്രിമെന്റില്‍ ഒപ്പിടണമെന്നാണ് എസ്.ബി.ഐ അറിയിച്ചു.
”ഉപഭോക്താവിന്റെ അവകാശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പുതുക്കിയ ലോക്കര്‍ കരാര്‍ ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്. എസ്ബിഐയില്‍ നിന്ന് ലോക്കര്‍ സൗകര്യം ലഭ്യമാക്കുന്ന ഉപഭോക്താക്കള്‍ അവരുടെ ലോക്കര്‍ ഹോള്‍ഡിംഗ് ബ്രാഞ്ചുമായി ബന്ധപ്പെടാനും പുതുക്കിയ ലോക്കര്‍ കരാര്‍ ബാധകമായ രീതിയില്‍ നടപ്പിലാക്കാനും അഭ്യര്‍ത്ഥിക്കുന്നു,” എന്നാണ് എസ്ബിഐ ട്വിറ്ററില്‍ കുറിച്ചു.
ജൂണ്‍ 30നകം ലോക്കര്‍ ഹോള്‍ഡര്‍മാരില്‍ 50 ശതമാനമെങ്കിലും പുതിയ കരാറില്‍ ഒപ്പുവെക്കണമെന്നാണ് എല്ലാ ബാങ്കുകളോടും ആര്‍ബിഐ ഉത്തരവിട്ടിരിക്കുന്നത്. രാജ്യത്തുടനീളമുള്ള ബാങ്കുകളില്‍ സെപ്തംബര്‍ 30-നകം ഇടപാടുകാരുടെ 75 ശതമാനവും കരാറില്‍ ഒപ്പ് വെയ്ക്കണം. ഇത് പിന്നീട് 100 ശതമാനത്തിലെത്തിക്കണമെന്നും, ഈ വര്‍ഷം ഡിസംബര്‍ 31-നകം ഉത്തരവ് പാലിക്കണമെന്നും ആര്‍ബിഐ നിര്‍ദ്ദേശിച്ചു.
ഉപഭോക്താക്കള്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിനോടൊപ്പം അവരവരുടെ ബാങ്ക് ലോക്കര്‍ കരാറുകളുടെ നില ആര്‍ബിഐയുടെ പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യുകയും വേണം.ലോക്കറിന്റെ വലുപ്പവും സ്ഥാനവും അനുസരിച്ച് ലോക്കറുകള്‍ക്കുള്ള ചാര്‍ജുകള്‍ വ്യത്യാസപ്പെടുകയും ചെയ്യുന്നുണ്ട്.
ലോക്കര്‍ വാടക നിരക്കുകള്‍ എങ്ങനെയെന്ന് നോക്കാം
നഗരങ്ങളിലോ മെട്രോ നഗരങ്ങളിലോ ഉള്ള എസ്ബിഐ ഉപഭോക്താക്കള്‍ ചെറിയ ലോക്കറുകള്‍ക്ക് 2,000 രൂപയും ജിഎസ്ടിയും നല്‍കേണ്ടതുണ്ട്. ചെറിയ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമുള്ള ചെറിയ ലോക്കറിന്റെ ചാര്‍ജ് 1,500 രൂപയും, ജിഎസ്ടി യുമാണ്.നഗരങ്ങളിലോ മെട്രോ നഗരങ്ങളിലോ ഉള്ള, ഇടത്തരം ലോക്കറുകള്‍ക്ക് 4,000 രൂപയും ജിഎസ്ടിയും നല്‍കേണ്ടിവരും. ചെറുപട്ടണങ്ങളിലോ ഗ്രാമപ്രദേശങ്ങളിലോ ഇടത്തരം വലിപ്പമുള്ള ലോക്കറിന് 3000 രൂപയും ജിഎസ്ടിയും ഈടാക്കും. വലിയ ലോക്കറുകള്‍ തിരഞ്ഞെടുക്കുന്ന പ്രധാന മെട്രോ നഗരങ്ങളിലെ ഉപഭോക്താക്കള്‍ 8,000 രൂപയും ജിഎസ്ടിയും നല്‍കണം.ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഒരു വലിയ ലോക്കറിന്റെ ഫീസ് 6,000 രൂപയും ജിഎസ്ടിയും ആണ്.ചെറുതും ഇടത്തരവുമായ ലോക്കറുകള്‍ക്ക് 500 രൂപയും ജിഎസ്ടിയും ഈടാക്കും. വലിയ ലോക്കറുകള്‍ക്ക് 1000 രൂപ രജിസ്‌ട്രേഷന്‍ ചാര്‍ജും ജിഎസ്ടിയും ആവശ്യമാണ്.