തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കും. രാവിലെ ഒമ്പതു മണിയ്ക്കാണ് ബജറ്റ് അതവരണം. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇന്ന് അവതരിപ്പിക്കുന്നത്. നടപ്പുസാമ്പത്തിക വര്‍ഷത്തെ സാമ്പത്തികാവലോകന റിപ്പോര്‍ട്ടും സഭയില്‍ വയ്ക്കും.
കോവിഡ് മഹാമാരിയെത്തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി നികുതി വര്‍ധന അടക്കം ഉണ്ടായേക്കും. വിവിധ സേവനങ്ങള്‍ക്കുള്ള ഫീസും കൂട്ടിയേക്കും. ഭൂമിയുടെ കച്ചവടമൂല്യം അനുസരിച്ച് നികുതി നിശ്ചയിക്കാനിടയുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ ചിലയിനം ഫീസുകള്‍ വര്‍ധിപ്പിച്ചേക്കും.
ഭൂമിയുടെ ന്യായവില അടക്കം ചില മേഖലകളില്‍ പരിഷ്‌ക്കരണം ആവശ്യമാണെന്ന് ധനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഭൂനികുതിയും വിവിധ സേവനങ്ങളുടെ നികുതിയും കൂട്ടി ജനങ്ങളെ ബാധിക്കാത്ത തരത്തില്‍ വരുമാനം ഉയര്‍ത്താനാകും സര്‍ക്കാര്‍ നീക്കം. വിളകളുടെ വൈവിധ്യവത്കരണത്തിലൂടെ തോട്ടങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള നയം ബജറ്റില്‍ അവതരിപ്പിച്ചേക്കും.
തോട്ടങ്ങളില്‍ ഫലവര്‍ഗങ്ങള്‍ ഉത്പാദിപ്പിച്ച് വൈനും മറ്റു മൂല്യവര്‍ധിത ഉത്പന്നങ്ങളും നിര്‍മിക്കാനാണ് പദ്ധതി. അതോടൊപ്പം പുതിയ ക്ഷേമപദ്ധതികളും പ്രഖ്യാപിച്ചേക്കും. ക്ഷേമപെന്‍ഷന്‍ 1600 രൂപയില്‍നിന്ന് 1700 രൂപയാക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തികമായി ശക്തി പകരുന്ന വികസനദിശയുള്ള ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി വ്യക്തമാക്കി. കേരളത്തെ കൂടുതല്‍ മുന്നോട്ടു നയിക്കുന്ന സമീപനങ്ങളാകും ബജറ്റില്‍ ഉണ്ടാകുകയെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.