‘തെരുവ് നായകള്‍ക്കെതിരെ നടപടി നിർദേശിക്കണം’; സുപ്രീംകോടതിയില്‍ സംസ്ഥാന ബാലവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി: അക്രമകാരികളായ തെരുവ് നായകള്‍ക്കെതിരെ നടപടി എടുക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ബാലവകാശ കമ്മീഷന്‍ സുപ്രീംകോടതിയെ സമീപിച്ചു. കേരളത്തില്‍ കുട്ടികള്‍ക്കെതിരെ തെരുവ് നായകളുടെ അക്രമം കൂടുന്നതായി കമ്മീഷന്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപേക്ഷയില്‍ ചൂണ്ടിക്കട്ടി.

അടിയന്തര നടപടി സ്വീകരിക്കാന്‍ സര്‍ക്കാരുകള്‍ക്കും, തദ്ദേശ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കമെന്നാണ് കമ്മീഷന്റെ ആവശ്യം. അഭിഭാഷകനായ ജയ്‌മോന്‍ ആന്‍ഡ്രൂസ് മുഖേനെയാണ് അപേക്ഷ ഫയല്‍ ചെയ്തത്. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ കക്ഷി ചേരാനാണ് അപേക്ഷ.

കേരളത്തില്‍ തെരുവ് നായയുടെ കടിയേറ്റ് ഭിന്നശേഷിക്കാരനായ കുട്ടി മരിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി കഴിഞ്ഞ ആഴ്ച നിരീക്ഷിച്ചിരുന്നു. അക്രമകാരികളായ തെരുവ് നായകളെ മാനുഷികമായ മാര്‍ഗങ്ങളിലൂടെ ദയാ വധം ചെയ്യാന്‍ അനുവദിക്കണെമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ അപേക്ഷ ജൂലൈ 12 ന് വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചിട്ടുണ്ട്. കേസിലെ എല്ലാ എതിര്‍കക്ഷികളോടും ജൂലായ് ഏഴിനകം മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുമുണ്ട്.

Top