തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ ഭരണസമിതി തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് മര്‍ദ്ദനമേറ്റു. കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തിനിരയായ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രാവിലെ പതിനൊന്നിനാണ് കോണ്‍ഗ്രസ് സി.പി.എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. കണ്‍ട്രോള്‍ റൂം അസി.കമ്മിഷണര്‍ പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസും ഇരുപാര്‍ട്ടികളിലെയും നേതാക്കളും ഇടപെട്ടതോടെയാണ് സംഘര്‍ഷത്തിന് താല്‍ക്കാലിക അയവു വന്നത്.
വോട്ടെടുപ്പില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ സംഘടിച്ച് ഇതിനെ ചോദ്യം ചെയ്തു. വിവരമറിഞ്ഞ് ഇരുവിഭാഗത്തിലെയും കൂടുതല്‍ പേര്‍ സ്ഥലത്തെത്തിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലത്ത് പൊലീസ് സുരക്ഷ കൂടുതല്‍ ശക്തമാക്കി.
രാവിലെ പത്തിനാരംഭിച്ച തിരഞ്ഞെടുപ്പ് വൈകിട്ട് അഞ്ചിന് അവസാനിക്കും.
ശിശുക്ഷേമ സമിതിയിലേക്ക് 868 പേര്‍ക്ക് വ്യാജ അംഗത്വം നല്‍കിയെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനാല്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം നിരസിച്ച കോടതി മുന്‍ നിശ്ചയിച്ച പ്രകാരം തിരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിട്ടിരുന്നു.
തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ശേഷം വോട്ടുകള്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയുടെ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.