ഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ച് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി. മമത പ്രധാനമന്ത്രിയെ സേവിക്കുന്ന തിരക്കിലാണെന്ന് അധിര്‍ രഞ്ജന്‍ ചൗധരി വിമര്‍ശിച്ചു. സീറ്റ് വിഭജനത്തെ ചൊല്ലി പ്രതിപക്ഷ സഖ്യത്തിലെ ഭിന്നത മറനീക്കി പുറത്ത് വരുന്നതിനിടെയാണ് മമത-ചൗധരി പോര് മുറുകുന്നത്.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാളില്‍ രണ്ട് സീറ്റ് നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ബാനര്‍ജി ആഗ്രഹിക്കുന്നില്ല. പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കണമെന്നും ചൗധരി പറഞ്ഞു.
‘ഞങ്ങള്‍ ആരോടും ഭിക്ഷ ചോദിച്ചില്ല. സഖ്യം വേണമെന്ന് മമത ബാനര്‍ജിയാണ് ആവശ്യപ്പെട്ടത്. മമതയുടെ കാരുണ്യം ഞങ്ങള്‍ക്ക് ആവശ്യമില്ല. തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും. മോദിയെ സേവിക്കുന്ന തിരക്കിലായതിനാല്‍ മമത ബാനര്‍ജി സഖ്യം ആഗ്രഹിക്കുന്നില്ല’- അധിര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു.