അവാര്‍ഡ് വിനായകനായതുകൊണ്ട് പ്രമുഖ താരങ്ങള്‍ വിട്ടുനിന്നെന്ന് മന്ത്രി, വിളിച്ചില്ലെന്ന് ജോയ് മാത്യു

ak balan joy mathew

പാലക്കാട്: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വിതരണം ചെയ്യുന്ന ചടങ്ങില്‍ പ്രമുഖ നടീനടന്മാര്‍ പങ്കെടുക്കാത്തതിനെ വിമര്‍ശിച്ച് സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍. പാലക്കാട് ചിറ്റൂരില്‍ കൈരളി, ശ്രീ തിയേറ്റര്‍ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. മികച്ച നടനുള്ള പുരസ്‌കാരം വിനായകന് നല്‍കിയതിനാലാണ് ചില പ്രമുഖ നടീനടന്മാര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ നിന്നും വിട്ടുനിന്നതെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

എന്നാല്‍ തിയേറ്റര്‍ ഉല്‍ഘാടന ചടങ്ങില്‍ പങ്കെടുത്ത നടനും സംവിധായകനുമായ ജോയ് മാത്യു മന്ത്രിയുടെ പ്രസ്താവനയെ തിരുത്തി രംഗത്തുവന്നു. അവാര്‍ഡ് ദാന ചടങ്ങിലേക്ക് വിളിക്കാത്തതിനാലാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്ന് ജോയ് മാത്യു വ്യക്തമാക്കി. പ്രമുഖ നടന്മാര്‍ ചടങ്ങിലെത്താത്തതിനെക്കുറിച്ച് നടന്മാരായ പാര്‍ട്ടി എംപിയോടും എം.എല്‍.എയോടും ചോദിക്കണമെന്നും ജോയ് മാത്യു പറഞ്ഞു.

വിഷയം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തുവന്നു. ക്ഷണിച്ചിട്ടും പങ്കെടുക്കാതിരുന്നവരെയാണ് താന്‍ വിമര്‍ശിച്ചതെന്നും ജോയ് മാത്യുവിനെ ചടങ്ങിലേക്ക് ക്ഷണിച്ചില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു. പ്രമുഖ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കാത്തതിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വിമര്‍ശിച്ചിരുന്നു.

അഭിനേതാക്കളുടെ സംഘടനയുടെ പ്രസിഡന്റും ഇടത് എം.പിയുമായ ഇന്നസെന്റ്, വൈസ് പ്രസിഡന്റും ഇടത് എം.എല്‍.എയുമായ കെ.ബി ഗണേഷ് കുമാര്‍, നാട്ടുകാരന്‍ കൂടിയായ ശ്രീനിവാസന്‍, മധു, ഷീല, കവിയൂര്‍ പൊന്നമ്മ തുടങ്ങി ക്ഷണിക്കപ്പെട്ട താരങ്ങളില്‍ പലരും പരിപാടിക്കെത്തിയിരുന്നില്ല. ഇതിനെയാണ് മുഖ്യമന്ത്രി വിമര്‍ശിച്ചത്.

Top