സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; ഹൈക്കോടതി സംവിധായകന്റെ അപ്പീല്‍ ഹര്‍ജിയും തള്ളി

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയത്തില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് സംവിധായകന്‍ ലിജീഷ് മുള്ളേഴത്ത് നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. പുരസ്‌കാര നിര്‍ണയത്തില്‍ ക്രമക്കേട് നടന്നതിന് മതിയായ തെളിവുകളില്ലെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. നിര്‍മാതാവ് പരാതിപ്പെട്ടിട്ടില്ല എന്നും കോടതി പറഞ്ഞു.

പുരസ്‌കാര നിര്‍ണയത്തിലെ സ്വജനപക്ഷപാതത്തില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് ആകാശത്തിന് താഴെ എന്ന ചിത്രത്തിന്റെ സംവിധായകനായ ലിജീഷ് നല്‍കിയ ഹര്‍ജി നേരത്തെ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. വിധി ചോദ്യം ചെയ്താണ് ലിജീഷ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

പുരസ്‌കാര നിര്‍ണയത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും രഞ്ജിത്ത് നിയമവിരുദ്ധമായി ഇടപെട്ടുവെന്നുമാണ് ലിജീഷ് പറയുന്നത്. രഞ്ജിത്ത് ചെയര്‍മാന്‍ സ്ഥാനം ദുരുപയോഗം ചെയ്തുവെന്നും ജൂറിയംഗങ്ങളെ സ്വാധീനിച്ചെന്നായിരുന്നും ആരോപിച്ചു, ഇക്കാര്യം വ്യക്തമാക്കുന്നതിന് മതിയായ തെളിവുകളില്ലെന്ന് പറഞ്ഞാണ് സിംഗിള്‍ ബെഞ്ച് കോടതി ഹര്‍ജി തള്ളിയത്. തുടര്‍ന്നാണ് ലിജീഷിന്റെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ചിലെത്തിയത്.

പുരസ്‌കാര നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സംവിധായകന്‍ വിനയനാണ് ആദ്യം രഞ്ജിത്തിനെതിരേ രംഗത്തെത്തിയത്. ജൂറി അംഗങ്ങളായ ജന്‍സി ഗ്രിഗറി, നേമം പുഷ്പരാജ് എന്നിവര്‍ ആരോപണത്തെ ശരിവയ്ക്കുന്ന തരത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ലിജീഷ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.

Top