ദില്ലി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ തടസ ഹര്‍ജി സമര്‍പ്പിച്ച് കേരള ചലച്ചിത്ര അക്കാദമിയും ചെയര്‍മാന്‍ രഞ്ജിത്തും. തങ്ങളുടെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തടസ ഹര്‍ജി. അഭിഭാഷക അശ്വതി എം കെയാണ് തടസ ഹര്‍ജി ഫയല്‍ ചെയ്തത്.
ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകനായ ലിജീഷ് മുല്ലേഴത്താണ് നേരത്തെ ഹര്‍ജി നല്‍കിയത്. നാളെ കേസ് പരിഗണിക്കാനിരിക്കെയാണ് തടസ ഹര്‍ജി സമര്‍പ്പിച്ചത്.
ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ പക്ഷഭേദമുണ്ടെന്നും അവാര്‍ഡുകള്‍ റദ്ദാക്കണമെന്നുമാണ് സംവിധായകനായ ലിജീഷ് മുല്ലേഴത്തിന്റെ ഹര്‍ജിയിലെ ആവശ്യം. അവാര്‍ഡുകള്‍ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. നേരത്തെ ഹൈക്കോടതി ഹര്‍ജി തള്ളിയിരുന്നു.
ഹൈക്കോടതി ഹര്‍ജിക്കാരന്‍ ഉന്നയിച്ച കാര്യങ്ങള്‍ കണക്കിലെടുത്തില്ലെന്നും തെറ്റായ തീരുമാനമാണ് ഹര്‍ജിയില്‍ കൈകൊണ്ടതെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നു. അവാര്‍ഡ് നിര്‍ണയത്തില്‍ അക്കാഡമി ചെയര്‍മാന്റെ ഭാഗത്ത് നിന്നും പരിധി വിട്ട ഇടപെടലുണ്ടായെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. ലിജീഷ് മുല്ലേഴത്തിനായി അഭിഭാഷകരായ കെഎന്‍ പ്രഭു, പി സുരേഷന്‍, റെബിന്‍ ഗ്രാലന്‍ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്.