state government employees-bonus- raised

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് പരിധി ഉയര്‍ത്തി. 18,000 രൂപയില്‍ നിന്ന് 22,000 രൂപയിലേക്കാണ് പരിധി ഉയര്‍ത്തിയത്. അതേസമയം ബോണസ് തുകയിലും ഉത്സവബത്തയിലും മാറ്റമില്ല. മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

22,000 രൂപ വരെ(ഒന്‍പത് ശതമാനം ക്ഷാമബത്ത ഉള്‍പ്പടെ) ശമ്പളമുള്ള ജീവനക്കാര്‍ക്ക് ഇനി ബോണസ് തുകയായ 3500 രൂപ ലഭിക്കും. 18,870 രൂപയില്‍ കൂടുതല്‍ പ്രതിമാസ ശമ്പളം വാങ്ങുന്നവര്‍ക്ക് ഉത്സവബത്തയായി 2400 രൂപ ലഭിക്കും.

ഇതില്‍ വര്‍ധനവ് വേണ്ട എന്നാണ് തീരുമാനം. അതേസമയം അങ്കന്‍വാടി ജീവനക്കാരുടെ ഉത്സവബത്ത 1000 രൂപയില്‍ നിന്ന് 1100 രൂപയായി ഉയര്‍ത്തുകയും ചെയ്തു. താത്കാലിക ജീവനക്കാരുടെ ഉത്സവബത്ത വര്‍ധിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിക്കുന്ന ധനസഹായത്തിന്റെ പരിധി ഒരു ലക്ഷത്തില്‍ നിന്ന് മൂന്നു ലക്ഷം രൂപയായി ഉയര്‍ത്തി. റവന്യുമന്ത്രിക്ക് അനുവദിക്കാവുന്ന ധനസഹായ തുക 5000 രൂപയായിരുന്നത് 25,000 രൂപവരെയാക്കി. ജില്ലാ കളക്ടര്‍മാര്‍ക്ക് 10,000 രൂപവരെ നല്‍കാം.

ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍ സ്റ്റഡീസിന്റെ ഡയറക്ടറായി പ്രഫ.ഡി.നാരായണനെ നിയമിച്ചു. ശിശുസംരക്ഷണ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിന് സെക്രട്ടേറിയറ്റിലെ സാമൂഹികനീതി വകുപ്പില്‍ എട്ട് തസ്തികകള്‍ സൃഷ്ടിച്ചു.

കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ബോര്‍ഡ് ഫണ്ട്(കിഫ്ബി) ബോര്‍ഡിലേക്ക് സ്വതന്ത്ര അംഗങ്ങളായി അഞ്ച് പേരെ നിയമിച്ചു. ഡോ.ഡി.ബാബുപോള്‍, പ്രഫ.സി.പി ചന്ദ്രശേഖര്‍, പ്രഫ.സുശീല്‍ ഖന്ന, സലിം ഗംഗാധരന്‍, ജെ.എന്‍ ഗുപ്ത എന്നിവരെയാണ് കിഫ്ബി ബോര്‍ഡിലെ അംഗങ്ങളായി നിയമിക്കുക.

പത്താം ശമ്പളപരിഷ്‌കരണ കമ്മീഷന്‍ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്‌കരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഓണം വാരാഘോവുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 12 മുതല്‍ 18 വരെ തിരുവനന്തപുരം കവടിയാര്‍ മുതല്‍ കിഴക്കേക്കോട്ട-മണക്കാട് വരെയുള്ള പ്രദേശത്തെ ഉത്സവമേഖലയായി പ്രഖ്യാപിച്ചു.

Top