കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചു; ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രോഗികളെ ചികിത്സിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ നിന്നും പിന്മാറിയെന്നും ചെന്നിത്തല പറഞ്ഞു.

കോവിഡ് പരിശോധനകളുടെ എണ്ണത്തില്‍ വലിയ കുറവാണുണ്ടായിരിക്കുന്നത്. തിരുവനന്തപുരത്ത് വീട്ടില്‍ ക്വാറന്റീനില്‍ കഴിയണമെന്ന് പറഞ്ഞ കോവിഡ് രോഗികളെ ആര് പരിശോധിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന് എന്ത് റോളാണുള്ളതെന്നും ചെന്നിത്തല ചോദിച്ചു.

നിര്‍ദേശം തരുക മാത്രം ചെയ്യും. അത് ലംഘിച്ചാല്‍ ക്രൂരമായി ശിക്ഷിക്കും. ഇത് എത്രമാത്രം ശരിയാണെന്ന് ചിന്തിക്കണം. എല്ലാ ക്വാറന്റീന്‍ പദ്ധതികളും പാളി. സര്‍ക്കാരിന്റെ ആറ് മാസത്തെ കോവിഡ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍ പരാജയമാണ് ഫലം. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കുന്നില്ല. ജനം ദാരിദ്രവും പട്ടിണിയും ദുരിതവും അനുഭവിക്കുന്നു.

എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങള്‍ പ്രതിസന്ധിയിലാണ്. ജനങ്ങള്‍ക്ക് നേരിട്ട് 5,000 രൂപ നല്‍കുന്ന പദ്ധതി സര്‍ക്കാര്‍ ആവിഷ്‌ക്കരിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടതാണ്. കോവിഡ് രേഖകളിലും സര്‍ക്കാര്‍ കൃത്രിമത്വം കാണിക്കുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി.

Top