തിരുവനന്തപുരം: വിദ്യാസമ്പന്നരായ ആദിവാസി യുവതീ-യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ ആരംഭിച്ച ഗോത്രബന്ധു പദ്ധതി വിപുലീകരിക്കാനുറച്ച് സര്‍ക്കാര്‍. ആദിവാസി വിഭാഗങ്ങളില്‍ പെടുന്ന ടിടിസി-ബിഎഡ് ബിരുദധാരികളെ കണ്ടെത്തി ആദിവാസി മേഖലകളിലെ സ്‌കൂളുകളില്‍ നിയമിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
വിദ്യാഭ്യാസരംഗത്ത് കേരളീയ സമൂഹം പൊതുവായി കൈവരിച്ച നേട്ടം വേണ്ടത്ര എത്തിയിട്ടില്ലാത്ത വിഭാഗമാണ് ആദിവാസികള്‍. ഇത് പരിഹരിക്കാന്‍ ആദിവാസികളുടെ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് ന്ധഗോത്രബന്ധു’. ഇതിനായി ആദിവാസി വിഭാഗങ്ങളില്‍ പെടുന്ന ടിടിസി-ബിഎഡ് ബിരുദധാരികളെ കണ്ടെത്തി ആദിവാസി മേഖലകളിലെ സ്‌കൂളുകളില്‍ നിയമിക്കും. ഗോത്രഭാഷാപഠന സഹായ അധ്യാപകരായിട്ടായിരിക്കും ഇവരെ നിയോഗിക്കുക. വിദ്യാസന്പന്നരായ ആദിവാസി യുവതീ-യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുക എന്നതും ഇതിലൂടെ സാധ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വയനാട് ജില്ലയില്‍ 241 വിദ്യാലയങ്ങളില്‍ ഈ പദ്ധതി നടപ്പിലാക്കിക്കഴിഞ്ഞു. ഈ വര്‍ഷം ഒന്നാം ക്ലാസിലെത്തിയ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചായിരിക്കും പദ്ധതി ആരംഭിക്കുക. ഗോത്രബന്ധു പദ്ധതിക്കായി നാല് കോടി രൂപ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ വകയിരുത്തിയിട്ടുണ്ട്. ആദിവാസി വികസനത്തിനു ജനസംഖ്യാനുപാതികമായി 2.61 ശതമാനം ഫണ്ടും ഇക്കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയതായി മുഖ്യമന്ത്രി വ്യക്തമാക്കി.