തിരുവനന്തപുരം: ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം.
ഒരാളുടെ ശുപാര്‍ശയും സ്വീകരിക്കേണ്ടതില്ലന്നും മുഖം നോക്കാതെ അടിച്ചമര്‍ത്താനുമാണ് നിര്‍ദ്ദേശം. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശുപാര്‍ശയായി വരുന്നവര്‍ക്കെതിരേയും കേസെടുക്കും.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന ഇന്റലിജന്‍സ് തയ്യാറാക്കിയ ലിസ്റ്റില്‍ 2010 ഗുണ്ടകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇവരെ പിടികൂടുന്നതിനായി ഇതിനകംതന്നെ പൊലീസ് രംഗത്തിറങ്ങിക്കഴിഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ ഗുണ്ടാവേട്ടയാകുമത്.
പൊലീസിന് ലഭിച്ചിരിക്കുന്ന പട്ടിക പ്രകാരം തിരുവനന്തപുരം സിറ്റി 226, റൂറല്‍ 35, കൊല്ലം 17, പത്തനംതിട്ട 87 , ഇടുക്കി 128, കോട്ടയം 29, ആലപ്പുഴ 336, എറണാകുളം സിറ്റി 85, എറണാകുളം റൂറല്‍ 133, തൃശൂര്‍ 176, പാലക്കാട് 137,മലപ്പുറം 31, കോഴിക്കോട്‌സിറ്റി 33, റൂറല്‍ 31, കണ്ണൂര്‍ 305, വയനാട് 36, കാസര്‍കോട് 145 തുടങ്ങി 2010 ഗുണ്ടകള്‍ക്കെതിരെയാണ് നടപടി.
ഇവര്‍ക്കെതിരെ അടുത്ത 30 ദിവസത്തിനുള്ളില്‍ നടപടി സ്വീകരിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ഒരു മാസത്തിനു ശേഷം നടപടികള്‍ അവലോകനം ചെയ്യും. ഇതിന് ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാറിന് കൈമാറാനാണ് തീരുമാനം.
കൊച്ചിയില്‍ യുവനടി ആക്രമണത്തിനിരയായ പശ്ചാത്തലത്തിലാണ് ഗൂണ്ടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പ് ഒരുങ്ങുന്നത്.
വിവിധ ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ നടത്തിയവരുടെ പട്ടികയാണ് ഇപ്പോള്‍ സംസ്ഥാന ഇന്റലിജന്‍സ് കൈമാറിയിരിക്കുന്നത്. ഇവര്‍ക്കെതിരെ കാപ്പ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്താനും നിര്‍ദ്ദേശമുണ്ട്.
റെയ്ഞ്ച് ഐജിമാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ പൊലീസ് മേധാവികള്‍ എന്നിവര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.