കൊച്ചി: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് വിധി നടപ്പാക്കുക മാത്രമാണ് സർക്കാർ ചെയ്തതെന്ന് ഹൈക്കോടതി. വിധി വരുന്നതു വരെ സർക്കാറിനു കാത്ത് നിൽക്കാൻ സാധിക്കില്ലെന്നും കോടതി അറിയിച്ചു.
അതേമയം, ശബരിമല നട നവംബർ അഞ്ചിന് തുറക്കുന്ന സാഹചര്യത്തിൽ ശനിയാഴ്ച മുതൽ സേനയെ വിന്യസിക്കാൻ ഒരുങ്ങുകയാണ്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സംഘർഷ സാധ്യത നില നിൽക്കുന്നതിനാലാണ് സേനയെ നേരത്തെ വിന്യസിക്കാൻ ഒരുങ്ങുന്നത്. ഐജി എം.ആർ. അജിത് കുമാറിനാണ് സന്നിധാനത്തിന്റെ ചുമതല നൽകിയിരിക്കുന്നത്. ഐജി അശോക് യാദവിനാണ് പമ്പയുടെ ചുമതല.
ശബരിമല വിഷയത്തിൽ റിവ്യൂ ഹർജി ഉടൻ കേൾക്കണമെന്ന ആവശ്യവും കോടതി തള്ളിയിരുന്നു. നവംബർ അഞ്ചിന് ഒരു ദിവസം മാത്രമാണ് ശബരിമല നട തുറക്കുന്നതെന്നും ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു. നവംബർ 11നുശേഷം വാദം എന്നതിൽ മാറ്റമില്ലെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. ശബരിമല വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ നവംബർ 13നു പരിഗണിക്കുമെന്നാണ് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയത്.