കൊച്ചി: ശബരിമലയിലെ ഒരുക്കങ്ങളെ കുറിച്ച് ഹൈക്കോടതി വിശദീകരണം തേടി. സ്ത്രീപ്രവേശനത്തിനായി ശബരിമലയില്‍ എന്തെല്ലാം സൗകര്യങ്ങള്‍ ഒരുക്കിയെന്ന് കോടതി ചോദിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം,ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നിലപാട് തിരുത്തി ദേവസ്വം ബോര്‍ഡ് രംഗത്തെത്തിയിരുന്നു. സുപ്രീംകോടതി വിധിക്കെതിരെ പുന:പരിശോധന ഹര്‍ജി നല്‍കുന്ന കാര്യം ആലോചിച്ചില്ലെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ വ്യക്തമാക്കിയത്. ദേവസ്വം ബോര്‍ഡ് എന്നും സര്‍ക്കാരിനൊപ്പമേ നില്‍ക്കുള്ളൂവെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞിരുന്നു. ദര്‍ശനത്തിന് ഡിജിറ്റല്‍ ബുക്കിംഗ് ഏര്‍പ്പെടുത്തുമെന്നും പമ്പ സന്നിധാനം പാതയില്‍ സ്ത്രീ സൗഹൃദ ടോയ്‌ലറ്റ് ഒരുക്കുമെന്നും കൂടുതല്‍ വനിതാ പൊലീസുകാരെ സന്നിധാനത്ത് നിയമിക്കുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.