തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തെ തുടര്‍ന്ന് കേരളത്തിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ജനങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്ത കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും, കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനും സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക നന്ദി അറിയിച്ചു.
ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
കടലോര ജനത അനുഭവിക്കുന്ന ഈ ദുരിതം പരിഹരിക്കുന്നതിന് കേരളത്തിലെ എല്ലാവിധ ജനവിഭാഗങ്ങളുടെയും അകമഴിഞ്ഞ സഹായം സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
അടുത്ത കാലത്ത് കണ്ടിട്ടുള്ള വലിയ ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. ഈ ദുരന്തത്തെ ഒരേ മനസോടെ ഒന്നായി നിന്ന് പരിഹരിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.
ചുഴലി ആഞ്ഞടിക്കുമ്പോള്‍ ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ കടലിലുണ്ടായിരുന്നു. നാവികസേനയും വ്യോമസേനയും കോസ്റ്റ് ഗാര്‍ഡും യോജിച്ചു നടത്തിയ തെരച്ചിലില്‍ 1130 മലയാളികളടക്കം 2600ഓളം പേരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ആഴക്കടലില്‍ ഇത്രയും വിപുലവും സാഹസികവുമായ രക്ഷാപ്രവര്‍ത്തനം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ പ്രതിരോധ വിഭാഗങ്ങളോട് സര്‍ക്കാര്‍ നന്ദി പ്രകടിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.