തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിന്റെ ഭീം ആപ്പിനെ കടത്തിവെട്ടാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ‘എം കേരള’ ആപ്പ് വരുന്നു.
പണമിടപാടിനൊപ്പം വിവിധ വകുപ്പുകളിലെ സര്‍ക്കാര്‍ സേവനങ്ങള്‍ മുഴുവനായും ആപ്പിലൂടെ നല്‍കാനാണ് എം കേരളയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തുടക്കത്തില്‍ നൂറോളം സര്‍ക്കാര്‍ സേവനങ്ങളാണ് ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വിന്‍ഡോസ്, ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകളില്‍ ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനാണ് തയാറാക്കിയിരിക്കുന്നത്. സ്മാര്‍ട് ഫോണില്‍ മാത്രമല്ല, സാധാരണ ഫോണുകളിലും സേവനങ്ങള്‍ ലഭ്യമാക്കാന്‍ ആലോചിക്കുന്നുണ്ട്.
തദ്ദേശ സ്ഥാപനങ്ങളില്‍നിന്ന് ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍, വൈദ്യുതി ബില്‍, വെള്ളക്കരം, സര്‍ട്ടിഫിക്കറ്റുകളുടെ അപേക്ഷ, വിവിധതരം പിഴകള്‍ തുടങ്ങി നിലവില്‍ സര്‍ക്കാര്‍ സൈറ്റിലൂടെ ലഭിക്കുന്ന സേവനങ്ങളെല്ലാം മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ലഭിക്കും.
വിവിധ ബില്ലുകള്‍ക്ക് പണമടയ്‌ക്കേണ്ട തീയതിയും ബില്ല് സംബന്ധിച്ച വിവരങ്ങളും ആപ്പിലൂടെ അറിയാനാകും മാത്രമല്ല വിവിധതരം നികുതികള്‍ അടയ്ക്കുന്നതിനും ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതിനും മൊബൈല്‍ റീചാര്‍ജ് അടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ആലോചനകള്‍ നടക്കുന്നുണ്ട്. ഇന്റര്‍നെറ്റ് ബാങ്കിങ്, ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, മൊബൈല്‍ വാലറ്റ് സംവിധാനങ്ങളെയും പുതിയ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തുമെന്നാണ് വിവരം.
പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ സര്‍ക്കാര്‍ വെബ് സൈറ്റില്‍നിന്നോ ആപ്പ് സ്റ്റോറില്‍നിന്നോ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനാകും.