സംസ്ഥാന സര്‍ക്കാരിന്റെ സ്വന്തം ഒടിടി ‘സി സ്‌പേസ് ; മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും

രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഒ.ടി.ടി പ്ലാറ്റ്‌ഫോം ഇന്ന് ഉദ്ഘാടനം ചെയ്യും. സി- സ്‌പേസ് എന്ന പേരിട്ടിരിക്കുന്ന പ്ലാറ്റ്‌ഫോം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ 9. 30 ന് കൈരളി തിയറ്ററില്‍ വച്ച് ജനങ്ങള്‍ക്ക് സമര്‍പ്പിക്കും.

ആദ്യഘട്ടത്തിലേക്ക് 42 സിനിമകള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. 35 ഫീച്ചര്‍ ഫിലിമുകളും ആറ് ഡോക്യുമെന്ററികളും ഒരു ഹ്രസ്വചിത്രവുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കാണുന്ന സിനിമയ്ക്ക് മാത്രം പണം ഈടാക്കുന്ന ആദ്യ ഒ.ടി.ടി പ്ലാറ്റ്‌ഫോം കൂടിയാവും സി- സ്‌പേസ്. ഈടാക്കുന്ന തുകയുടെ പകുതി ലാഭവിഹിതമായി പ്രൊഡ്യൂസര്‍ക്ക് നല്‍കും. പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവ വഴി സി- സ്‌പേസ് ഡൗണ്‍ലോഡ് ചെയ്യാനാകും.

കെ.എസ്ഡി.എഫ്.സി ക്കാണ് സി- സ്‌പേസിന്റെ നിര്‍വഹണ ചുമതല. പ്ലാറ്റ്‌ഫോമിലേക്കുള്ള സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനായി 60 അംഗ ക്യുറേറ്റര്‍ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ ശുപാര്‍ശ ചെയ്യുന്ന സിനിമകള്‍ മാത്രമേ സി- സ്‌പേസില്‍ പ്രദര്‍ശിപ്പിക്കൂ.

Top