കൊച്ചി: രാഷ്ട്രീയ കൊലപാതക കേസുകളിലടക്കം ഉള്‍പ്പെടുന്ന പ്രതികള്‍ക്ക് ശിക്ഷ ഇളവ് നല്‍കാനുള്ള പട്ടികയില്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
അര്‍ഹരായവരെ ഉള്‍പ്പെടുത്തി തയാറാക്കിയ 739 പേരുടെ പട്ടികയ്ക്ക് അനുമതി നല്‍കണമെന്നാണ് സര്‍ക്കാര്‍ ഹൈകോടതിയെ സമീപിച്ചത്. ഇവരുടെ പേരുകള്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും ശിക്ഷയിളവിന് അനുമതി നല്‍കണമെന്നുമാണ് സര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലെ ആവശ്യം.
രാഷ്ട്രീയ കൊലപാതക കേസുകളിലെയടക്കം പ്രതികള്‍ക്ക് ശിക്ഷയിളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം തടയണമെന്നാവശ്യപ്പെട്ട് തൃശൂരിലെ പൊതു പ്രവര്‍ത്തകന്‍ പി.ഡി. ജോസഫ് നല്‍കിയ ഹരജിയിലാണ് സര്‍ക്കാറിന്റെ രേഖാമൂലമുള്ള അഭ്യര്‍ഥന.
തടവുകാരില്‍ ശിക്ഷയിളവ് ലഭിക്കേണ്ടവരുടെ അപേക്ഷ പരിഗണിച്ച് ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ ശുപാര്‍ശ നല്‍കണമെന്നും ഗവര്‍ണറുടെ തീരുമാനം അറിയിക്കണമെന്നും 2017 ജൂലൈ 17ന് ഹൈകോടതി ഉത്തരവിട്ടിരുന്നു.
കോടതിയുടെ അനുമതിയോടെ മാത്രമേ തടവുകാരെ വിട്ടയക്കാവൂവെന്നും വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് 739 പേരുടെ പട്ടിക തയാറാക്കിയത്. ഹൈകോടതിയുടെ മുന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മന്ത്രി എ. കെ. ബാലന്‍ കണ്‍വീനറായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരുന്നു.
തടവുകാരുടെ പെരുമാറ്റം, കുടുംബങ്ങളുടെ സാമൂഹിക, സാമ്പത്തിക പശ്ചാത്തലം എന്നിവ പരിഗണിക്കാനും ഹീനമായ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടവരെ വിട്ടയക്കുന്നില്ലെന്ന് ഉറപ്പാക്കാനും ഉപസമിതി നിര്‍ദേശിച്ചിരുന്നു.
രാഷ്ട്രീയ കൊലപാതക കേസുകളിലുള്‍പ്പെട്ടവരെ 14 വര്‍ഷത്തെ ശിക്ഷ കഴിയാതെ ഇളവിന് പരിഗണിക്കരുതെന്നും കുട്ടികളെ പീഡിപ്പിച്ച കേസുകളിലെ പ്രതികള്‍ക്ക് ഇളവു നല്‍കരുതെന്നും ഉപസമിതി ശുപാര്‍ശ ചെയ്തിരുന്നു.