സാലറി ചലഞ്ചിന് ബദല്‍; ഒരു മാസത്തെ ശമ്പളം 5 മാസം കൊണ്ട് പിടിക്കും

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് പണം കണ്ടെത്താന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സാലറി ചലഞ്ചിന് ബദല്‍ മാര്‍ഗവ്വുമായി സംസ്ഥാന സര്‍ക്കാര്‍. ഓരോ മാസവും ആറ് ദിവസത്തെ ശമ്പളം പിടിച്ച് അഞ്ച് മാസം കൊണ്ട് 30 ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാനാണ് തീരുമാനം.

ധനമന്ത്രി തോമസ് ഐസക്കാണ് മന്ത്രിസഭ യോഗത്തില്‍ ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.ഇത് ജീവനക്കാര്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കില്ലയെന്നാണ് മന്ത്രിസഭ യോഗത്തിന്റെ വിലയിരുത്തല്‍.

എല്ലാ ജീവനക്കാരില്‍നിന്നും ശമ്പളം പിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.മന്ത്രിമാരുടെയും എ,എല്‍എമാരുടെയും ശമ്പളത്തിന്റെ 30 ശതമാനം ഒരു വര്‍ഷത്തേക്കു പിടിക്കാനും തീരുമാനമായി. ബോര്‍ഡ്/ കോര്‍പറേഷന്‍ ചെയര്‍മാന്‍മാര്‍ക്കും ഇത് ബാധകമാണ്.

ഇത്തരത്തില്‍ ഇപ്പോള്‍ പിടിക്കുന്ന തുക സര്‍ക്കാറിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ തിരികെ നല്‍കുമെന്ന ഉറപ്പ് നല്‍കിക്കൊണ്ടാവും ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കുക. മെയ് മുതല്‍ അഞ്ച് മാസത്തേക്ക് സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ആറ് ദിവസത്തെ ശമ്പളത്തുക കിഴിച്ചുള്ള തുകയായിരിക്കും ലഭിക്കുക.

ജീവനക്കാരില്‍ നിന്ന് നിര്‍ബന്ധമായി പണം പിടിക്കുന്നതിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. നിര്‍ബന്ധമായി പണം പിടിക്കരുതെന്ന് നേരത്തെ കോടതിയും വ്യക്തമാക്കിയിരുന്നു.

Top