ചണ്ഡീഗഢ്: കോവിഡ് വാക്‌സിന്‍ വില്‍പ്പനയില്‍ സംസ്ഥാനങ്ങളുമായി നേരിട്ട് കരാറിലേര്‍പ്പെടാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി യു.എസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മൊഡേണ. വാക്‌സിന്‍ ലഭ്യമാക്കണമെന്ന പഞ്ചാബ് സര്‍ക്കാറിന്റെ ആവശ്യം തള്ളുകയും ചെയ്തു. കമ്പനിയുടെ പോളിസി പ്രകാരം ഇന്ത്യന്‍ സര്‍ക്കാരുമായി മാത്രമേ കരാറിലേര്‍പ്പെടാന്‍ കഴിയുകയുള്ളുവെന്ന് മൊഡേണ വ്യക്തമാക്കി. സംസ്ഥാനങ്ങളുമായി നേരിട്ട് കരാറിലേര്‍പ്പെടാന്‍ സാധിക്കില്ലെന്ന് മൊഡേണ അറിയിച്ചു.
കൂടുതല്‍ പേരെ അതിവേഗം വാക്‌സിനേഷന് വിധേയരാക്കാന്‍ ലക്ഷ്യമിട്ട് വാക്‌സിന്‍ ലഭ്യതയ്ക്കായി വിവിധ നിര്‍മാതാക്കളെ പഞ്ചാബ് സര്‍ക്കാര്‍ സമീപിച്ചിരുന്നു. മൊഡേണ, സ്പുട്‌നിക് വാക്‌സിന്‍ നിര്‍മാതാക്കളായ ഗമേലയ ഇന്‍സ്റ്റിറ്റിയൂട്ട്, ഫൈസര്‍, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നീ കമ്പനികളുമായി പഞ്ചാബ് സര്‍ക്കാര്‍ ബന്ധപ്പെട്ടിരുന്നു.
എന്നാല്‍ മൊഡേണ മാത്രമെ സര്‍ക്കാറിന്റെ ആവശ്യത്തോട് പ്രതികരിച്ചിട്ടുള്ളൂവെന്ന് സംസ്ഥാന കോവിഡ് വാക്‌സിനേഷന്‍ നോഡല്‍ ഓഫീസര്‍ വികാസ് ഗാര്‍ഗ് വ്യക്തമാക്കി. 4.2 ലക്ഷം ഡോസ് വാക്‌സിന്‍ പഞ്ചാബ് ഇതിനോടകം വിലകൊടുത്തു വാങ്ങിയിട്ടുണ്ട്. വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി പഞ്ചാബില്‍ വാക്‌സിന്‍ വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.