സംസ്ഥാനത്തെ ആരോഗ്യവകുപ്പ് പനി നിയന്ത്രണത്തില്‍ പൂര്‍ണ പരാജയം : ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യവകുപ്പ് അധികൃതര്‍ പനി നിയന്ത്രണവിധേയമാക്കുന്നതില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സംസ്ഥാനത്തെ പനിമരണങ്ങളെ കുറിച്ച് വിശദമായ പഠനം നടത്തി യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദക്ക് അയച്ച കത്തിലാണ് ചെന്നിത്തല ഇപ്രകാരം സൂചിപ്പിച്ചിട്ടുള്ളത്.

വിവിധ തരം പനികള്‍ ബാധിച്ച് കേരളത്തില്‍ നിരന്തരം ആളുകള്‍ മരിച്ചു കൊണ്ടിരിക്കുകയും പതിനായിരക്കണക്കിന് ആളുകള്‍ ആശുപത്രികളില്‍ പ്രവേശിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ അടിയന്തിരമായി ഒരു വിദഗ്ധ വൈദ്യ സംഘത്തെ കേരളത്തിലേക്ക് അയക്കണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

സര്‍ക്കാരിന് കീഴിലുള്ള മെഡിക്കല്‍ കോളജുകള്‍ക്കും, ആരോഗ്യ ഗവേഷണ കേന്ദ്രങ്ങള്‍ക്കും ഇത്തരത്തില്‍ ജനങ്ങള്‍ക്കിടയില്‍ പനി പടര്‍ന്ന് പിടിക്കുന്നതിന്റെയും ആളുകള്‍ മരിച്ചുവീഴുന്നതിന്റെയും ശാസ്ത്രീയ കാരണങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല.

അടിസ്ഥാന സൗകര്യങ്ങളിലുള്ള പരിമിതികളും ഈ രംഗത്തെ വിദഗ്ധരുടെ അഭാവവുമാണ് അവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം ആരോപിക്കുന്നു.

ജനതിക മാറ്റം വന്ന വൈറസുകളും കൊതുകുകളും പെരുകി, അവയെ നിയന്ത്രിക്കാനും നശിപ്പിക്കാനും കഴിയാതെയും വന്നു. ഇതിന്റെ ഫലമായി എച്ച് വണ്‍ എന്‍ വണ്‍, ഡങ്കിപ്പനി, മഞ്ഞപ്പിത്തം, കോളറ , പല തരം പനികള്‍ സംസ്ഥാനത്ത് പടരുകയാണ്. ഇത്തരം പനികള്‍ പടര്‍ന്ന് പിടിച്ച് ഗുരുതമായ സ്ഥിതി വിശേഷമാണ് സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയില്‍ സംജാതമാക്കിയിട്ടുള്ളതെന്നും രമേശ് ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നു.

അതു കൊണ്ട് തന്നെ എത്രയും പെട്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്‍കൈ എടുത്ത് ഒരു വിദഗ്ധ മെഡിക്കല്‍ സംഘത്തെ കേരളത്തിലേക്കയക്കുകയും അതുവഴി പനി മരങ്ങളുടെയും പനി വ്യാപനത്തിന്റെയും യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഇരട്ടിയിലധികം പനി മരണങ്ങളാണ് സംഭവിച്ചത്.

Top