പുതുവൈപ്പ് സമരം; യതീഷ് ചന്ദ്ര നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: എറണാകുളം പുതുവൈപ്പിനില്‍ ഐ.ഒ.സി പ്ലാന്റിനെതിരെ നടന്ന സമരത്തിലെ പൊലീസ് അതിക്രമത്തെക്കുറിച്ചുള്ള പരാതിയില്‍ ഡിസിപി യതീഷ് ചന്ദ്രയോട് നേരിട്ട് ഹാജരാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

ആലുവയില്‍ ചൊവ്വാഴ്ച നടന്ന സിറ്റിംഗില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും കൂടുതല്‍ സമയം വേണമെന്ന് യതീഷ് ചന്ദ്ര ആവശ്യപ്പെട്ടു. തുടര്‍ന്ന് ജൂലൈ 17ന് ഹാജരാകാന്‍ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി മോഹനദാസ് ഉത്തരവിടുകയായിരുന്നു.

അതിക്രമത്തെ ന്യായീകരിക്കാനാണ് പ്രധാനമന്ത്രിക്ക് ഭീഷണിയുണ്ടായിരുന്നെന്ന വാദമെന്നും പൊലീസിന് ആരെയും ശിക്ഷിക്കാന്‍ അധികാരമില്ലെന്നും കമ്മിഷന്‍ അധ്യക്ഷന്‍ പി.മോഹന്‍ദാസ് പറഞ്ഞു. മാധ്യമങ്ങളിലൂടെ കണ്ടത് ന്യായീകരിക്കാന്‍ പൊലീസ് മേലുദ്യോഗസ്ഥരും ശ്രമിക്കുന്നുവെന്നും കമ്മിഷന്‍ കുറ്റപ്പെടുത്തി.

എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ ഈ മാസം 16നാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സമരക്കാര്‍ക്ക് നേരെ പൊലീസ് മര്‍ദ്ദനം നടന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് ചെയര്‍മാന്‍ മനു സി മാത്യു നല്‍കിയ പരാതിയിലാണ് നടപടി.

Top