തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നെന്ന് രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്കെതിരെയുള്ള അക്രമ സംഭവങ്ങള്‍ സംസ്ഥാനത്തു വര്‍ധിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2016ല്‍ 2015നെ അപേക്ഷിച്ചു സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ വലിയ വര്‍ധനവുണ്ടായി. സ്ത്രീകള്‍ക്കുനേരെയുള്ള അക്രമങ്ങളുമായി ബന്ധപ്പെട്ടു 2015ല്‍ 12,383 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ കഴിഞ്ഞവര്‍ഷം 14,061 ആയി ഉയര്‍ന്നു. മാനഭംഗക്കേസുകള്‍ 1,263ല്‍നിന്ന് 1,644 ആയും, സ്ത്രീ പീഡനക്കേസുകള്‍ 3,991ല്‍നിന്ന് 4,035 ആയും ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്ത്രീകള്‍ക്കെതിരെയുള്ള അക്രമ സംഭവങ്ങള്‍ മലപ്പുറത്താണ് മറ്റു ജില്ലകളെ അപേക്ഷിച്ച് കൂടുതല്‍. 1,406 കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്. അതില്‍ 160 മാനഭംഗക്കേസുകളുമുണ്ട്.
കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ മാനഭംഗക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തലസ്ഥാനത്താണ്. തിരുവനന്തപുരം നഗരത്തില്‍ 66, തിരുവനന്തപുരം നഗരപ്രാന്തത്തില്‍ 138 എന്നിങ്ങനെയാണ് കണക്കുകള്‍. നഗരത്തില്‍ 250 പീഡനക്കേസുകളും നഗരപ്രാന്തത്തില്‍ 547 കേസുകളും കഴിഞ്ഞവര്‍ഷം റജിസ്റ്റര്‍ ചെയ്തു.
കഴിഞ്ഞവര്‍ഷം ഏറ്റവും കൂടുതല്‍ തട്ടികൊണ്ടുപോകല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തത് എറണാകുളം ജില്ലയിലാണ്. എറണാകുളം നഗരത്തില്‍ 80, നഗരപ്രാന്തത്തില്‍ 11 എണ്ണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
മാനഭംഗമോ പീഡനമോ ശല്യം ചെയ്യലോ അല്ലാതെ മറ്റുതരത്തിലുള്ള അക്രമ സംഭവങ്ങളില്‍ പത്തനംതിട്ടയാണ് മുന്നില്‍. 804 കേസുകളാണ് ഈ രീതിയില്‍ റജിസ്റ്റര്‍ ചെയ്തത്.