സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ചൊവ്വാഴ്ച അടച്ചിടുന്നു

കൊച്ചി: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ ചൊവ്വാഴ്ച തുറക്കില്ല. പെട്രോള്‍ ഡീലേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളുടേതാണ് തീരുമാനം.

9,10 തീയതികളില്‍ പെട്രോളിയം കമ്പനികളില്‍ നിന്ന് ഇന്ധനം വാങ്ങില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.

ഇന്ധന വില പ്രതിദിനം മാറ്റുന്ന പരിഷ്‌കാരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിഷേധ സമരം നടത്തുന്നത്.

പുതിയ പരിഷ്‌കാരം മൂലം മാസം നാല്പതിനായിരം മുതല്‍ അറുപതിനായിരം രൂപ വരെ പമ്പുടമകള്‍ക്ക് നഷ്ടമാകുന്നതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പമ്പുകള്‍ക്കുള്ള കമ്മീഷന്‍ തുക വര്‍ധിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ഇന്ധന വിലയിലെ മാറ്റം രാത്രി എട്ടരയോടെ അറിയാനാകൂ. എന്നാല്‍ പമ്പുകള്‍ രാവിലെ മാത്രമാണ് മാറ്റം നടപ്പാക്കുന്നത്. ഇതു മൂലം പ്രതിദിനം നഷ്ടമുണ്ടാകുന്നു. ചിലപ്പോള്‍ ഒരു പൈസയാണ് മാറ്റമുണ്ടാകുന്നതെന്നും കമ്മിറ്റി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

Top