തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയും ഇന്റലിജന്‍സ് മേധാവിയും ഉടക്കില്‍ ?
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനെ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈ എടുത്ത് സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ച ലോക്‌നാഥ് ബെഹറയും ഇന്റലിജന്‍സ് മേധാവിയായി അവരോധിച്ച ആര്‍ ശ്രീലേഖയും തമ്മിലുള്ള ബന്ധമാണ് ഇപ്പോള്‍ വഷളായിരിക്കുന്നത്.
റെയില്‍വെ പൊലീസില്‍ ഇന്റലിജന്‍സ് മേധാവി നടത്തിയ കൂട്ടസ്ഥലം മാറ്റം ഡിജിപി ഇടപെട്ട് തടഞ്ഞതാണ് ഇരു ഉദ്യോഗസ്ഥര്‍ക്കുമിടയിലെ ഭിന്നത പുറത്ത് വരാന്‍ കാരണം.
150 റെയില്‍വേ പൊലീസുകാരെ കഴിഞ്ഞ ആഴ്ച മാറ്റിയ നടപടിയാണ് ഡിജിപി ‘റെഡ് സിഗ്നല്‍’ കാണിച്ചതോടെ റെയില്‍വേ എസ്പി പിന്‍വലിച്ചത്.
സാധാരണ സ്‌പെഷ്യല്‍ പൊലീസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം ഡിജിപിയാണ് നടത്തുന്നത്. പകരം ആളെ നിയമിക്കുന്നതും സംസ്ഥാന പൊലീസ് മേധാവിയാണ്. എന്നാല്‍ റെയില്‍വേയില്‍ ഉടന്‍ മാറ്റേണ്ട 150 പൊലീസുകാരുടെയും പകരം നിയമിക്കേണ്ടവരുടെയും പട്ടിക എഡിജിപി റെയില്‍വേ എസ്പിക്ക് കൈമാറുകയായിരുന്നു.
അതനുസരിച്ച് എസ്പിയാണ് ഉത്തരവിറക്കിയിരുന്നത്. എന്നാല്‍ ഡിജിപിയുടെ ഉത്തരവ് ഉണ്ടെങ്കില്‍ മാത്രമേ മറ്റ് യൂണിറ്റിലുള്ളവരെ ഇവിടെ നിയമിക്കാന്‍ കഴിയുകയുള്ളു. ഡിജിപിയാവട്ടെ അത്തരമൊരു ഉത്തരവ് ഇറക്കാന്‍ വിസമ്മതിക്കു കൂടി ചെയ്തതോടെ ഇപ്പോള്‍ സ്ഥലംമാറ്റം വാങ്ങിപ്പോയവരെതിരിച്ച് വിളിച്ചിരിക്കുകയാണ് എസ്പി.
ഇതിന് സമാനമായ രൂപത്തില്‍ സ്‌റ്റേറ്റ് ക്രൈം റിക്കോര്‍ഡ് ബ്യൂറോയില്‍ നിന്ന് അകാരണമായി സ്ഥലംമാറ്റം ലഭിച്ച പലരും അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ നിന്ന് സ്റ്റേ വാങ്ങിയതും ഐപിഎസ് ഉന്നതക്ക് തിരിച്ചടിയായി. 21 പേരെയാണ് ഇവിടെ നിന്നും ഒറ്റയടിക്ക് മാറ്റിയത്. എആര്‍ ക്യാമ്പില്‍ ഇല്ലാത്ത തസ്തികയിലേക്ക് പോലും എസ്‌സിആര്‍ബിയില്‍ നിന്ന് പൊലീസുകാരെ സ്ഥലം മാറ്റി നിയമിക്കുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരിനും സംസ്ഥാന പൊലീസ് മേധാവിക്കും അതീവരഹസ്യമടക്കമുള്ള കാര്യങ്ങള്‍ കൈമാറാന്‍ ചുമതലപ്പെട്ട രഹസ്യാന്വേഷണ വിഭാഗം മേധാവിയും സംസ്ഥാനത്തെ ക്രമസമാധാന ചുമതല കൈകാര്യം ചെയ്യേണ്ട പൊലീസ് ചീഫും അധികാര കേന്ദ്രത്തെച്ചൊല്ലി ഉടക്കുന്നത് പിണറായി സര്‍ക്കാരിനും വലിയ തലവേദനയായിരിക്കുകയാണ്.