തിരുവനന്തപുരം : നീണ്ട പതിനൊന്ന് വര്‍ഷത്തിനുശേഷം സംസ്ഥാന പൊലീസ് ആസ്ഥാനത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ഉത്തരേന്ത്യന്‍ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ കൈപ്പിടിയില്‍.
ഒറീസ സ്വദേശിയായ ലോക്‌നാഥ് ബഹ്‌റ സംസ്ഥാന പൊലീസ് മേധാവിയായതിന് പുറമെ, അഡ്മിനിസ്‌ട്രേഷന്‍ ഐ.ജി യായി സുരേഷ് രാജ് പുരോഹിതിനെയും ഹെഡ് ക്വാര്‍ട്ടേഴ്‌സ് എസ്.പി യായി കാളിരാജ് മഹേഷറിനെയും നിയമിച്ച സര്‍ക്കാര്‍ ഡല്‍ഹി സ്വദേശിയായ രാജേഷ് ദിവാനെ പൊലീസ് ആസ്ഥാനത്തെ അഡ്മിനിസ്‌ട്രേഷന്‍ ഡി.ജി.പിയാക്കിയതോടെ പൊലീസ് ആസ്ഥാനത്തെ അന്യസംസ്ഥാനവല്‍ക്കരണം പൂര്‍ണ്ണമായിരിക്കുകയാണ്.
കേരളത്തിന്റെ ചരിത്രത്തില്‍ ഇതിന് സമാനമായ ഒരു സാഹചര്യം പൊലീസ് ആസ്ഥാനത്തെ നിയമനങ്ങളില്‍ ഉണ്ടായത് 2005-ലാണ്.
അന്ന് ഡി.ജി.പിയായി നിയമിതനായ രമണ്‍ ശ്രീ വാസ്ത സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി അദ്ദേഹത്തിന്റെ ബന്ധുകൂടിയായ അരവിന്ദ് രഞ്ജനെ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ എ.ഡി.ജി.പി ഓപ്പറേഷന്‍സായി നിയമിക്കുകയായിരുന്നു.
രാജന്‍ മഥേക്കറായിരുന്നു അക്കാലത്ത് മോഡണൈസേഷന്‍ എ.ഡി.ജി.പി. ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡി.ഐ.ജിയാവട്ടെ ഋഷിരാജ് സിംഗും, എ.ഐ.ജി (1) ബല്‍റാം കുമാര്‍ ഉപാദ്ധ്യയയുമായിരുന്നു.
2005-ന്റെ തനിയാവര്‍ത്തനമാണ് ഇപ്പോള്‍ വീണ്ടും പൊലീസ് ആസ്ഥാനത്തെ നിയമനങ്ങളിലൂടെ സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.
ഇപ്പോള്‍ എഡിജിപി അഡ്മിനിസ്‌ട്രേഷനായി നിയമിച്ചിരിക്കുന്ന രാജേഷ് ദിവാന്‍ ഡല്‍ഹി സ്വദേശിയാണ്. ഐജിയായി നേരത്തെ നിയമിതനായ സുരേഷ് രാജ് പുരോഹിത് രാജസ്ഥാന്‍ സ്വദേശിയാണ്. ഹെഡ്ക്വാര്‍ട്ടേഴ്‌സ് എസ്പിയായ കാളിരാജ് മഹേഷറാവട്ടെ ഉത്തരേന്ത്യക്കാരനല്ലെങ്കിലും തമിഴ്‌നാട്ടുകാരനാണ്. നേരത്തെ ജമ്മു കാശ്മീര്‍ കേഡറിലായിരുന്നു.
യു.ഡി.എഫ് സര്‍ക്കാരില്‍ നിന്നും വിഭിന്നമായി രാഷ്ട്രീയ താല്‍പ്പര്യം പരിഗണിക്കാതെയായിരുന്നു പിണറായി സര്‍ക്കാരിന്റെ ഐ.പി.എസ് ഉദ്യോഗസ്ഥ നിയമനം. എന്നാല്‍ വിവാദനായകരായ ചില ഉദ്യോഗസ്ഥരുടെ നിയമനം സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു.
മുഖ്യമന്ത്രിയുടെ ഉദ്ദ്യേശം നല്ലതായിരുന്നുവെങ്കിലും ഈ നിയമന കാര്യങ്ങളില്‍ ‘ചില കേന്ദ്രങ്ങള്‍’ അവസരം ദുരുപയോഗം ചെയ്തതാണ് കളങ്കിതരായ ഉദ്യോഗസ്ഥര്‍ക്ക് തന്ത്രപ്രധാന തസ്തികകളില്‍ കയറിക്കൂടാന്‍ അവസരം ലഭിച്ചതെന്ന് സി.പി.എമ്മിന് അകത്ത് തന്നെ അഭിപ്രായമുയര്‍ന്നിരുന്നു.
നിഷ്പക്ഷമായ നീതി നിര്‍വ്വഹണവും നിയമനവും നടത്തണമെന്നതായിരുന്നു മുഖ്യമന്ത്രിയുടെ താല്‍പ്പര്യം. എന്നാല്‍ അദ്ദേഹത്തിന്റെ മുന്നിലെത്തിയ ഫയലില്‍ ക്രിമിനല്‍-വിജിലന്‍സ് കേസുകളില്‍ പ്രതിയായ ഉദ്യോഗസ്ഥരുടെ അടക്കം പട്ടിക എത്തുകയായിരുന്നുവത്രേ.
വിവാദ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ നിയമനവുമായി ബന്ധപ്പെട്ട് ജനുവരിയോടെ പ്രശ്‌ന പരിഹാരമുണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിക്കുന്ന വിവരം.
സീനിയര്‍ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പ്രമോഷനോടനുബന്ധിച്ച് ചില മാറ്റങ്ങള്‍ വരുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതുവരെ നിലവിലെ അവസ്ഥ തുടരും.