സംസ്ഥാന സ്‌കൂള്‍ കലോത്സവം; സമാപന സമ്മേളനത്തില്‍ മമ്മൂട്ടി വിശിഷ്ടാതിഥിയാകും

കൊല്ലം: ആരവങ്ങളോടെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഒരുങ്ങി കൊല്ലം ജില്ല. അടുത്ത വര്‍ഷം മുതല്‍ കലോത്സവ മാനുവല്‍ പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ജനുവരി നാലിന് രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഉദ്ഘാടനം ചെയ്യും. നടിയും നര്‍ത്തകിയുമായ ആശ ശരതും വിദ്യാര്‍ത്ഥികളും കലോത്സവ സ്വാഗതത്തില്‍ നൃത്താവിഷ്‌കാരം അവതരിപ്പിക്കും.

വിദ്യാഭ്യാസ, തൊഴില്‍ മന്ത്രി ശിവന്‍കുട്ടി അധ്യക്ഷനാകും. വിവിധ വകുപ്പ് മന്ത്രിമാരും എംഎല്‍എമാരും നടി നിഖില വിമലും പങ്കെടുക്കും. ആദ്യ ദിവസം 23 വേദികളിലായാണ് മത്സരങ്ങള്‍. മോഹിനിയാട്ടമാണ് ആദ്യ മത്സര ഇനം. മമ്മൂട്ടി സമാപന സമ്മേളനത്തില്‍ വിശിഷ്ടാതിഥിയാകും.

ഉദ്ഘാടന ദിവസം ഗോത്രകല ഇത്തവണ കലോത്സവത്തിന്റെ ഭാഗമാകും. ഈ വര്‍ഷം പ്രദര്‍ശനമായിട്ടും അടുത്ത തവണ മത്സരയിനമായിട്ടും മംഗലംകളി ഉള്‍പ്പെടുത്തും. വേദിയിലെത്തുന്ന മത്സരാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ഇന്‍ഷുറന്‍സ് നല്‍കും. ഭക്ഷണം വെജിറ്റേറിയന്‍ ആയിരിക്കുമെന്നും തര്‍ക്കത്തിന്റെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. പഴയിടം മോഹനന്‍ നമ്പൂതിരിക്കാണ് കലവറയുടെ ചുമതല.

ഭിന്നശേഷിക്കുട്ടികള്‍ അവതരിപ്പിക്കുന്ന ശിങ്കാരിമേളം, ചെണ്ടമേളം, കളരിപ്പയറ്റ് എന്നിവയും ഉണ്ടാകും. ജനുവരി 8ന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും. വി ശിവന്‍കുട്ടി സമ്മാനദാനം നിര്‍വഹിക്കും. 2008ന് ശേഷമാണ് കൊല്ലത്തേക്ക് കലാ കൗമാര മേള എത്തുന്നത്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ വരവേല്‍ക്കാന്‍ കൊല്ലം ഒരുങ്ങുമ്പോള്‍ അത് ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ് സംഘടക സമിതി. പ്രതിഭകളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. ആശ്രമം മൈതാനത്ത് അടക്കം അഞ്ച് ദിവസങ്ങളില്‍ ആയി 24 വേദികളില്‍ മത്സരങ്ങള്‍ നടക്കും.

Top