കണ്ണൂര്‍: 63ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ എറണാകുളത്തിന്റെ കൈയില്‍ നിന്ന് കിരീടം തിരിച്ചുപിടിച്ച് പാലക്കാട്. 61.5 പോയിന്റോടെയാണ് മാര്‍ ബേസില്‍ കോതമംഗലം കിരീടം നേടിയത്. 58.5 പോയിന്റോടെ കല്ലടി എച്ച് എസ് എസിനാണ് രണ്ടാം സ്ഥാനം. 32.5 പോയിന്റ് നേടിയ സെന്റ് ജോസഫ്സ് എച്ച്എസ് പുല്ലൂരാംപാറയാണ് മൂന്നാമത്. മത്സരങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ലെങ്കിലും പാലക്കാട് ജില്ല നേരത്തെ കിരീടം സ്വന്തമാക്കി. 18 സ്വര്‍ണവും 22 വെള്ളിയും 16 വെള്ളിയും ഉള്‍പ്പെടെയാണ് പാലക്കാട് ജില്ല സ്വര്‍ണം നേടിയത്. 2016ന് ശേഷം ആദ്യമായിട്ടാണ് പാലക്കാട് കിരീടം നേടുന്നത്.
എട്ട് സ്വര്‍ണവും ആറ് വെള്ളിയും അഞ്ച് വെങ്കലവുമാണ് മാര്‍ ബേസില്‍ സ്വന്തമാക്കിയത്. കല്ലടിക്ക് നാല് സ്വര്‍ണവും 11 വെള്ളിയും ഏഴ് വെങ്കലവുമാണുള്ളത്. പൂല്ലൂരാംപാറ മൂന്ന് വീതം സ്വര്‍ണവും വെള്ളിയും 10 വെങ്കലവും നേടി. എറണാകുളം ജില്ലയ്ക്ക് 21 സ്വര്‍ണങ്ങളും 14 വെള്ളിയും 10 വെങ്കലവുമാണ് നേടാന്‍ സാധിച്ചത്. 12 സ്വര്‍ണവുമായി കോഴിക്കോട് മൂന്നാം സ്ഥാനക്കാരായി. തിരുവനന്തപുരം നാലാമതും തൃശൂര്‍ അഞ്ചാമതുമാണ്.
ഇന്ന് രാവിലെ നടന്ന ജൂനിയര്‍ പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ സ്വര്‍ണം നേടിയതോടെയാണ് പാലക്കാടിന് അപ്രതീക്ഷിത മുന്നേറ്റമുണ്ടായത്. സ്റ്റെഫി സാറാ കോശിയാണ് പാലക്കാടിന് വേണ്ടി സ്വര്‍ണം നേടിയത്.