പാലാ: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ ആദ്യ ദിവസത്തെ മത്സരങ്ങള്‍ സമാപിക്കുമ്പോള്‍ ഏഴു സ്വര്‍ണവുമായി എറണാകുളം ജില്ല മുന്നില്‍.
നാലു സ്വര്‍ണവുമായി പാലക്കാടാണ് തൊട്ടുപിന്നില്‍.
ആദ്യദിനത്തിലെ ശ്രദ്ധേയപ്രകടനം സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്ററിലായിരുന്നു.
എറണാകുളത്തിന്റേയും പാലക്കാടിന്റേയും താരങ്ങളെ പിന്തള്ളി ഈ ഇനത്തില്‍ പത്തനംതിട്ടയുടെ അനന്തു വി ജയന്‍ ജേതാവായി.
സീനിയര്‍ ആണ്‍കുട്ടികളുടെ 5,000 മീറ്ററില്‍ പറളി സ്‌കൂളിലെ പി.എന്‍. അജിത്ത് ദേശീയ തലത്തിലെ പ്രകടനം മറികടന്ന് നവീകരിച്ച പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലെ ആദ്യ സ്വര്‍ണം നേടി.
സീനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ മാര്‍ ബേസിലിന്റെ അനുമോള്‍ തമ്പിക്കാണു സ്വര്‍ണം.
ദീര്‍ഘദൂര ഇനങ്ങളിലെ ആധിപത്യം വിട്ടുകൊടുക്കാതെയാണ് ഇക്കുറിയും പാലക്കാടിന്റെ കുതിപ്പ്. ആദ്യ അഞ്ചു റൗണ്ടുകളില്‍ ലഭിച്ച നിര്‍ണായക ലീഡ് നിലനിര്‍ത്താനായത് അജിത്തിനു സുവര്‍ണ നേട്ടത്തിനു സഹായമായി.
ഗാലറിയില്‍ പിന്തുണയുമായി പാലക്കാട് ടീമും കോച്ച് പരിശീലകന്‍ പി.ജി മനോജും സംഘവും ഉണ്ടായിരുന്നു.
കഴിഞ്ഞ വര്‍ഷം നടന്ന ലോക സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ വെള്ളി മെഡല്‍ ജേതാവു കൂടിയാണ് അജിത്ത്.
അജിത്തിന്റെ അവസാന സ്‌കൂള്‍ മീറ്റിലാണ് ഈ സുവര്‍ണ നേട്ടമെന്നതും ശ്രദ്ധേയമാണ്. മാര്‍ ബേസിലിന്റെ ആദര്‍ശ് ബേബിക്കാണു വെള്ളി.
18 ഇനങ്ങളിലെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളാണ് ഒന്നാമത്. പറളി രണ്ടാം സ്ഥാനത്തുമെത്തി.