സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് പാലായില്‍ ഇന്ന് തുടക്കം

പാലാ: 61-ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് പാലായില്‍ ഇന്നു തുടക്കമാകും.

പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ പൊന്‍തിളക്കമാര്‍ന്ന സിന്തറ്റിക് ട്രാക്കില്‍ രാവിലെ ഏഴിന് സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ മത്സരത്തോടെ ട്രാക്കുണരും.

വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കായികമേളയും പുത്തന്‍ സിന്തറ്റിക് ട്രാക്കും ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച അവസാനിക്കുന്ന മേളയില്‍ സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ ആണ്‍-പെണ്‍ വിഭാഗങ്ങളിലായി 95 ഇനങ്ങളിലാണു മത്സരങ്ങള്‍.

ഇതാദ്യമായിട്ടാണ് പ്രായത്തിന്റെ അടിസ്ഥാനത്തില്‍ മത്സരങ്ങള്‍ നടക്കുന്നത്. 14 വയസിന് താഴെയുള്ള കുട്ടികള്‍ സബ്ജൂനിയറിലും 17 വയസില്‍ താഴെയുള്ളവര്‍ ജൂനിയറിലും 19 വയസിന് താഴെയുള്ളവര്‍ സീനിയര്‍ വിഭാഗത്തിലും മത്സരിക്കും.

2858 താരങ്ങള്‍ കായികോത്സവത്തിനു മാറ്റുരയ്ക്കുമ്പോള്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്‌കൂള്‍ കായിക മാമാങ്കമായി ഇതു മാറും. 350 ഒഫീഷ്യലുകളും 230 എസ്‌കോര്‍ട്ടിംഗ് ഒഫീഷ്യലുകളും എത്തിയിട്ടുണ്ട്.

കിരീടം നിലനിര്‍ത്താനിറങ്ങുന്ന പാലക്കാട് ജില്ലയും തിരിച്ചുപിടിക്കാനിറങ്ങുന്ന എറണാകുളവും പാലായിലെ പുത്തന്‍ ട്രാക്കില്‍ കനത്ത പോരാട്ടം നടത്തും. എട്ടു പോയിന്റ് വ്യത്യാസത്തിലാണ് കഴിഞ്ഞ വര്‍ഷം തേഞ്ഞിപ്പലത്ത് നടന്ന കായികോത്സവത്തില്‍ പാലക്കാട് കിരീടം സ്വന്തമാക്കിയത്. ഇത്തവണയും പാലക്കാടും എറണാകുളവും തമ്മിലുള്ള പോരാട്ടമായിരിക്കും ശ്രദ്ധേയമാവുക.

കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസ്, സെന്റ് ജോര്‍ജ് എച്ച്എസ്എസ്, മാതിരപ്പിള്ളി ജിവിഎച്ച്എസ്എസ്, പിറവം മണീട് ജിവിഎച്ച്എസ്എസ് എന്നീ സ്‌കൂളുകളാണ് എറണാകുളത്തിനു പ്രതീക്ഷ നല്കുന്നവര്‍. മിന്നും പ്രകടനത്തോടെ ജില്ലാ മീറ്റുകളില്‍ തിളങ്ങിയ ഈ സ്‌കൂളുകളുടെ മികവില്‍ എറണാകുളത്തിനു തന്നെയാണ് കിരീട സാധ്യത കല്പിക്കപ്പെടുന്നത്.

കല്ലടി, പറളി സ്‌കൂളുകളുടെ കരുത്തില്‍ പാലക്കാടും കിരീട പ്രതീക്ഷയിലാണ്. പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് എച്ച്എസ്എസ്, കട്ടിപ്പാറ ഹോളിഫാമിലി സ്‌കൂള്‍ എന്നീ താരക്കൂട്ടങ്ങളുമായെത്തിയ കോഴിക്കോടും കരുത്തരായ നിരയാണ്.

കുറുമ്പനാടം സെന്റ് പീറ്റേഴ്‌സ് എച്ച്എസ്എസ്, ഭരണങ്ങാനം സേക്രഡ് ഹാര്‍ട്ട് എച്ച്എസ്, കോരുത്തോട് സികെഎംഎച്ച്എസ്എസ്, പാറത്തോട് ഗ്രേസി മെമ്മോറിയല്‍ എച്ച്എസ് തുടങ്ങിയ സ്‌കൂളുകളുടെ മികവില്‍ മുന്നേറാനുറച്ചാണ് ആതിഥേയരായ കോട്ടയവും ട്രാക്കിലിറങ്ങുന്നത്.

ഇന്നലെ രാവിലെ ഒമ്പതിന് പൂഞ്ഞാറിലെ പനച്ചിക്കപ്പാറയിലെ ജി.വി. രാജാ സ്മൃതി മണ്ഡപത്തില്‍ നിന്നാരംഭിച്ച ദീപശിഖ പ്രയാണം ഇന്നു സ്റ്റേഡിയത്തില്‍ അവസാനിക്കും.

കായികതാരങ്ങളുടെ രജിസ്‌ട്രേഷന്‍ പാലാ സെന്റ് തോമസ് സ്‌കൂളില്‍ പൂര്‍ത്തിയായി. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഹരിത പെരുമാറ്റച്ചട്ടം കായികോത്സവത്തിന് ഇത്തവണയും ബാധകമാണ്.

Top