സംസ്ഥാന സ്‌കൂള്‍ കലോത്സവം അടുത്ത വര്‍ഷം യുനസ്‌കോയുടെ പട്ടികയില്‍ ഇടം നേടും

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവം യുനസ്‌കോയുടെ പൈതൃകപട്ടികയിലേക്ക്.

തൃശൂരില്‍ നടന്ന അമ്പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം യുനസ്‌കോയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ജനീവ ആസ്ഥാനമായ യുനസ്‌കോ ഡയറക്ടര്‍ ജനറലിന് മന്ത്രി സി രവീന്ദ്രനാഥ് കത്ത് നല്‍കിയിരുന്നു.

വിദ്യാഭ്യാസ വകുപ്പ് ഇതിന്റെ തുടര്‍നടപടി തുടങ്ങി. അടുത്ത വര്‍ഷത്തോടെ കലോത്സവം യുനസ്‌കോയില്‍ ഇടം നേടുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെവി മോഹന്‍കുമാര്‍ പറഞ്ഞു.

ഇന്ത്യയില്‍ ഇതുവരെ ഒരു കലോത്സവവും യുനസ്‌കോ പട്ടികയിലില്ല. ഏഷ്യയിലെ ഏറ്റവും വലിയ സ്‌കൂള്‍ കലാ മേളയാണ് കലോത്സവം. ഇത്രയും വിപുലവും ജനകീയവുമായ സ്‌കൂള്‍ കലോത്സവം മറ്റൊരു സംസ്ഥാനത്തുമില്ല. യുനസ്‌കോ അംഗീകാരം നേടുന്നത് കേരളത്തിന്റെയും കലാമേളയുടെയും യശസ്സ് അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ തൃശൂര്‍ പൂരമടക്കം ഇന്ത്യയിലെ ഏതാനും ഉത്സവങ്ങള്‍ യുനസ്‌കോ പട്ടികയിലുണ്ട്.

Top