കോഴിക്കോട് / തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് വളാഞ്ചേരി മാങ്കേരിയില്‍ വിദ്യാര്‍ത്ഥി തീക്കൊളുത്തി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം. സംസ്ഥാന വ്യാപകമായാണ് വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധിക്കുന്നത്.
കോഴിക്കോട്ട് എം.എസ്.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ചു. പാലക്കാട് മണ്ണാര്‍ക്കാട്ടെ ഡി.ഡി.ഇ ഓഫീസ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ ഉപരോധിക്കുകയും ഡി.ഡി.ഇ ഇന്‍ ചാര്‍ജിനെ ഘെരാവോ ചെയ്യുകയും ചെയ്തു.
കൊല്ലത്ത് ഡി.ഡി.ഇ ഓഫീസിലേക്ക് തള്ളിക്കയറിയ കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. യുവമോര്‍ച്ച പ്രവര്‍ത്തകരും തിരുവനന്തപുരത്ത് പ്രതിഷേധിച്ചു.
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ വളാഞ്ചേരിയിലെ സംഭവം ആവര്‍ത്തിക്കരുതെന്നും മതിയായ സൗകര്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ഒരുക്കണമെന്നുമാണ് സംഘടനകളുടെ ആവശ്യം.
അതേസമയം സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഡിഡിഇയോട് റിപ്പോര്‍ട്ടു തേടി.ഓണ്‍ലൈന്‍ പഠനം ആര്‍ക്കും മുടങ്ങില്ല. സൗകര്യമില്ലാത്തവരുടെ കണക്കെടുക്കുകയാണെന്നും എല്ലാവര്‍ക്കും സൗകര്യം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇപ്പോഴത്തെ ക്ലാസുകള്‍ വീണ്ടും പുനസംപ്രേഷണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.