നാര്‍ക്കോട്ടിക് ജിഹാദ്; പാലാ ബിഷപ്പിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി പൗരാവകാശ സംരക്ഷണ സമിതി

കോഴിക്കോട്: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങി കോട്ടയം പൗരാവകാശ സംരക്ഷണ സമിതി. ബിഷപ്പിനെതിരെ കേസ് എടുക്കാന്‍ സര്‍ക്കാര്‍ വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടനകളുടെ പുതിയ നീക്കം. സര്‍ക്കാര്‍ നിലപാടിനെതിരെ സമര പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനമെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

ബിഷപ്പിനെതിരെ നടപടി സ്വീകരിക്കാനോ പ്രശ്‌നം പരിഹരിക്കാനോ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാന്‍ പൗരാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആലോചിച്ചിരിക്കുന്നത്. മഹല്ലുകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധ സമരം സംഘടിപ്പിക്കാനും പൗരാവകാശ സമിതി നീക്കം നടത്തുന്നുണ്ട്.

വിവാദ പരാമര്‍ശം നടത്തിയ പാലാ ബിഷപ്പ് പ്രശ്‌ന പരിഹാരത്തിന് മുന്നോട്ട് വരാത്തതിനെതിരെയും സംഘടനകള്‍ വിമര്‍ശിച്ചു. ഒത്തുതീര്‍പ്പിന് ശ്രമിക്കേണ്ട സര്‍ക്കാര്‍ പ്രശ്‌നം വഷളാക്കുകയാണെന്നും സംഘടനകള്‍ ആരോപിക്കുന്നു.

അതേസമയം, പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം ഒരു തരത്തിലും നടത്താന്‍ പാടില്ലാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലൗ ജിഹാദ് കേരളത്തിലില്ലെന്ന് വ്യക്തമാക്കിയത് കേന്ദ്ര സര്‍ക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സി.പി.എം പെരുവമ്പ് ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ ഓണ്‍ലൈന്‍ ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രി ബിഷപ്പിനെ പരസ്യമായി തളളി രംഗത്തെത്തിയത്.

നാര്‍ക്കോട്ടിക് വ്യാപനത്തെ സര്‍ക്കാരും സമൂഹവും ഗൗരവമായാണ് കാണുന്നത്. അത് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. അതിനിടയിലാണ് ഇത്തരമൊരു പരാമര്‍ശം. ചുരുക്കം ചിലരാണ് അതേറ്റെടുത്ത് ശക്തിയോടെ വാദിച്ചത്. കേരളം മതനിരപേക്ഷതയുടെ വിളനിലമാണ്. അതിനെ തകര്‍ക്കുന്ന നിലപാട് ആരില്‍ നിന്നുണ്ടായാലും ശക്തമായി നേരിടും. താന്‍ പിടിച്ച മുയലിന് മൂന്നു കൊമ്പെന്നതിന് പകരം, മതനിരപേക്ഷത സംരക്ഷിക്കുന്ന നിലപാടാവണം എല്ലാവരില്‍ നിന്നുമുണ്ടാകേണ്ടത്.. ഇത്തരം പ്രശ്നങ്ങളുയര്‍ത്തി നാടിനെ വര്‍ഗീയമായി വേര്‍തിരിക്കാന്‍ പാടുപെടുന്നവരാണ് സംഘപരിവാര്‍. ഇവിടെ ന്യൂനപക്ഷം,ഭൂരിപക്ഷമെന്ന് പറയുന്നതിലൊന്നും വലിയ വ്യത്യാസമില്ല. ചില്ലറ കിട്ടുമോയെന്ന് നോക്കുന്ന ചിലരുണ്ട്. അവരോടൊപ്പം പോകരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

Top