കെ.ഇ. ഇസ്മയിലിനെതിരെ നടപടിയെടുക്കാന്‍ ഇന്ന് സി.പി.ഐ സംസ്ഥാന നേതൃയോഗം

തിരുവനന്തപുരം: പാര്‍ട്ടി നിലപാടിനെതിരെ പ്രസ്താവന നടത്തിയ കെ.ഇ. ഇസ്മയിലിനെതിരായ നടപടിയെക്കുറിച്ച് സി.പി.ഐ സംസ്ഥാന നേതൃയോഗം ഇന്ന് ചര്‍ച്ച ചെയ്യും.

ദേശീയ നിര്‍വാഹക സമിതി അംഗമായതിനാല്‍ നടപടിക്കുള്ള ശുപാര്‍ശയായിരിക്കും തിരുവനന്തപുരത്തു ചേരുന്ന സംസ്ഥാന നിര്‍വാഹകസമിതി തീരുമാനിക്കുക.

എന്നാല്‍ പ്രസ്താവന തിരുത്തി കെ.ഇ.ഇസ്മയില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ നേരിട്ട് കണ്ടു നിലപാട് അറിയിച്ചിരുന്നു.

മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

വെള്ളി, ശനി ദിവസങ്ങളില്‍ ഡല്‍ഹിയില്‍ ചേരുന്ന ദേശീയ നിര്‍വാഹക സമിതിയോട് നടപടിക്ക് ശുപാര്‍ശ ചെയ്യാനാണ് നിലവിലെ ധാരണ.

മൂന്നാറില്‍ പൊട്ടിത്തെറിയുടെ വക്കിലെത്തി നില്‍ക്കുന്ന സി.പി.എം-സി.പി.ഐ തര്‍ക്കവും ഇന്നത്തെ സംസ്ഥാന നേതൃയോഗത്തിനു മുന്നിലെത്തും.

Top